ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ജീവശാസ്ത്ര ദ്വിദിന ദേശീയ സെമിനാര്‍ സമാപിച്ചു

സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുടയില്‍ ജീവശാസ്ത്ര ദ്വിദിന ദേശീയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ജന്തുശാസ്ത്രവിഭാഗം ജീവശാസ്ത്രമേഖലയിലെ നൂതന സാങ്കേതികവിദ്യകളും കണ്ടെത്തലുകളും പരിചയപ്പെടുത്തുന്നതിനായി ദ്വിദിന ദേശീയ ശില്‍പ്പശാല സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. ഡോ. എം. നാസര്‍, കേരള സര്‍വകലാശാല സുവോളജി പ്രൊഫസര്‍ ഡോ. രാജേന്ദ്രന് കോലോത്ത് വളപ്പില്‍, ബാംഗളൂരു ഐബിഎബി പ്രൊഫസര്‍ ഡോ. ബിഭ ചൗധരി, പൂനെ ഈസര്ലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മൃദുല നമ്പ്യാര്‍, ബാംഗളൂരു ഐഐഎസ്സിലെ ബയോകെമിസ്ട്രി പ്രൊഫസര്‍ ഡോ. സതീഷ് സി. രാഘവന് എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങളവതരിപ്പിച്ചു. കാലാവസ്ഥാവ്യതിയാനം ആവാസവ്യവസ്ഥയില്‍, ജീനോമിക്സിന്റെ സ്വാധീനം ജൈവവൈവിധ്യ പഠനത്തില്‍, വിവിധ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം ജീവശാസ്ത്ര മേഖലയില്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഗഹനങ്ങളായ ചര്‍ച്ചകള്‍ നടന്നു. ഡോ. റോസിലിന് അലക്സ് ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഡോ. വിദ്യ ജി, ജോയിന്റ് കണ്‍വീനര്‍ ഡോ. ജിജി പൗലോസ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്കി. സെന്റ് ജോസഫ്സ് കോളജിലെ അധ്യാപകരായ ഒ.കെ. ജൂലിയറ്റ്, ഷിബിത ഇമ്മാനുവല്‍, പി.ടി. ദീപ്തി, വിദ്യ സദാനന്ദന്, അശ്വിനി ദാസ്, ടി.ബി. അഖില, മാധുരി മേനോന് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്കി.