കിണറുകളിലെ കുടിവെള്ളത്തില്‍ രാസമാലിന്യം; ശാസ്ത്രീയ പരിശോധനക്കായി മണ്ണ് ശേഖരിച്ചു

കാട്ടൂര്‍ മിനി ഇന്റസ്ട്രീല് എസ്റ്റേറ്റ് പരിസരത്തെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന സംഭവത്തില്‍ ശാസ്ത്രീയ പരിശോധനക്കായി മണ്ണ് ശേഖരിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ മിനി ഇന്റസ്ട്രീല് എസ്റ്റേറ്റ് പരിസരത്തെ കിണറുകളില്‍ രാസമാലിന്യം കലര്‍ന്ന സംഭവത്തില്‍ ശാസ്ത്രീയ പരിശോധനക്കായി മണ്ണ് ശേഖരിച്ചു. ഗവ. എന്‍ജിനീയര്‍ കോളജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസര്‍ എ.ജി ബിന്ദു, ടെക്നിക്കല്‍ സ്റ്റാഫ് കെ.കെ ഉമ്മര്‍, കെമിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസര്‍ എ.എം മണിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണ്ണ് ശേഖരിച്ചത്. കാട്ടൂര്‍ മിനി ഇന്റസ്ട്രീയല്‍ എസ്റ്റേറ്റ് വളപ്പിനുള്ളില്‍ നിന്നും ഒരു സാമ്പിളും സമീപത്തെ കിണറുകളുടെ പരിസരത്തുനിന്നും മൂന്നു സാമ്പിളുകളും ശേഖരിച്ചു.
ഒരു മീറ്റര്‍ ആഴത്തില്‍ കുഴിച്ചാണ് മണ്ണ് പരിശേധനക്കെടുത്തിരിക്കുന്നത്. കിണറുകളിലെ രാസമാലിന്യത്തിന്റെ ഉറവിടം കണ്ടെത്തുക എന്നുള്ളതാണ് മണ്ണ് പരിശോധനയുടെ ലക്ഷ്യം. ഇതിനായി സിങ്ക്, അലുമിനിയം തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യമാണ് പരിശോധിക്കുന്നത്. ജൂലൈ നാലിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ മണ്ണ് പരിശോധന നടത്താമെന്നന്ന് തീരുമാനിച്ചിരുന്നു. ഒരു മാസത്തിനകം പരിശോധനാഫലം ലഭിക്കുമെന്ന് അസോസിയേറ്റ് പ്രഫസര്‍ എ.ജി. ബിന്ദു പറഞ്ഞു.
