ഒടുവില്‍ നഗരസഭ അധികൃതര്‍ കണ്ണു തുറന്നു; കുഴി അടക്കാന്‍ റോഡില്‍ കോണ്ക്രീറ്റിട്ടു

മാര്‍ക്കറ്റ് - ഇരട്ടകപ്പേള റോഡിലെ തകര്‍ന്നഭാഗം കോണ്‍ക്രീറ്റിടല്‍ പുരോഗമിക്കുന്നു.
ഇരിങ്ങാലക്കുട: മാര്‍ക്കറ്റ് – ഇരട്ടക്കപ്പേള റോഡിലെ തകര്‍ന്നഭാഗം കോണ്‍ക്രീറ്റിടല്‍ പണികള്‍ ആരംഭിച്ചു. വലിയ കുഴികള്‍മൂലം തകര്ന്നുതരിപ്പണമായതിനെ തുടര്‍ന്ന് ഗതാഗതം അപകടകരമായ അവസ്ഥയിലായിരുന്നു. തുടര്‍ച്ചയായിപെയ്യുന്ന മഴയില്‍ കുഴിയില്‍ വെള്ളംകെട്ടി നില്ക്കുന്നതും അപകടസാധ്യതകൂട്ടി. നിരവധിപേരാണ് ഈ റോഡില്‍ അപകടത്തില്‍പ്പെടുന്നത്. 2023 ഓക്ടോബര്‍ 23ന് മടത്തിക്കര ലൈനില്‍ മുക്കുളംവീട്ടില് മോഹനന്റെ മകന് ബിജോയ്(43)എന്ന യുവാവ് ഇവിടത്തെ കുഴിയില്‍ ബൈക്ക് മറിഞ്ഞാണ് മരണപ്പെട്ടത്.
കുറച്ചുദിവസം മുമ്പ് മാര്‍ക്കറ്റിലെ വ്യാപാരിക്കും കുഴിയില്‍വീണ് ഗുരുതരമായി പരിക്കുപറ്റിയിരുന്നു. റോഡ് സഞ്ചാരയോഗ്യമല്ലാതായതോടെ ബസ് ജീവനക്കാരുടെ നേതൃത്വത്തില്‍ റോഡിലെ കുഴികള്‍ക്കു സമീപമെത്തി പ്രതിഷേധം നടത്തി. തുടര്‍ന്ന് കുരിശങ്ങാടി കപ്പേള വഴി സ്വകാര്യ ബസുകള്‍ തിരിച്ചുവിടുകയുമുണ്ടായി. കൊടകര, ചാലക്കുടി ആമ്പല്ലൂര്‍ എന്നീ റൂട്ടിലോടുന്ന ബസുകളാണ് ഇതുവഴി കടന്നുപോകുന്നത്. നാട്ടുക്കാരില്നിന്നും ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ നഗരസഭ അധികൃതര്‍ റോഡ് കോണ്‍ക്രീറ്റിംഗ് നടത്തുകയായിരുന്നു.
1.90 ലക്ഷം രൂപയാണ് നഗരസഭാ പ്രദേശത്തെ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തുന്നതിന് വകയിരുത്തിയിരിക്കുന്നത്. ആഴമേറിയ കുഴികളുള്ളിടത്ത് കോണ്‍ക്രീറ്റിംഗും മറ്റിടങ്ങളില്‍ ഷെല്മാര്ക്കുംവച്ച് കുഴികളടക്കും. എന്നാല്‍ ദീര്‍ഘവീക്ഷണം ഇല്ലാതെയും കമ്പിപോലും ഉപയോഗിക്കാതെയാണ് ഇരട്ടക്കപ്പേളയ്ക്കുസമീപത്തെ റോഡില്‍ കോണ്‍ക്രീറ്റിംഗ് നടത്തുന്നതെന്നും പരിസരവാസികള്‍ ഇതിനകം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
