പടിയൂര്‍- മെഡിക്കല്‍ കോളജ് കെഎസ്ആര്‍ടിസി ബസ് മന്ത്രി ഡോ. ആര്. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു

പടിയൂരില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി സര്‍വ്വീസിന്റെ ഫ്ലാഗ് ഓഫ് പടിയൂര്‍ പഞ്ചായത്ത് പരിസരത്ത് വച്ച് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പടിയൂരില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി സര്‍വ്വീസിന്റെ ഫ്ലാഗ് ഓഫ് പടിയൂര്‍ പഞ്ചായത്ത് പരിസരത്ത് വച്ച് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററില്‍ നിന്നുമാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 6.20 ന് ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന സര്‍വ്വീസ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ഠാണാ, ചന്തക്കുന്ന്, എടതിരിഞ്ഞി, വളവനങ്ങാടി വഴി മതിലകം ടോള്‍ കടവിലെത്തി അവിടെ നിന്നും ഏഴ് മണിക്ക് മെഡിക്കല്‍ കോളജിലേക്കുള്ള സര്‍വ്വീസ് ആരംഭിക്കും.
വളവനങ്ങാടി, പടിയൂര്‍ പഞ്ചായത്ത് ഓഫീസ്, എടതിരിഞ്ഞി, പൂച്ചക്കുളം, കണ്ഠേശ്വരം അമ്പലം, കൂടല്‍മാണിക്യം ക്ഷേത്രം, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, ഠാണാ, ഊരകം, തൃശൂര്‍ വെളപ്പായ വഴി മെഡിക്കല്‍ കോളജില്‍ രാവിലെ 9.40 ന് മെഡിക്കല്‍ കോളജില്‍ എത്തിച്ചേരും. മെഡിക്കല്‍ കോളജില്‍ നിന്നും തിരികെ വൈകീട്ട് അഞ്ച് മണിക്ക് സര്‍വീസ് ആരംഭിക്കുന്ന ബസ് രാത്രി 8.30 ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിക്കും.
ഫ്ലാഗ് ഓഫ് ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് അശോകന്, വാര്‍ഡ് അംഗം ശ്രീജിത്ത് മണ്ണായില്‍, കെഎസ്ആര്‍ടിസി വികസന സമിതി കണ്‍വീനര്‍ ജയന് അരിമ്പ്ര, വിവിധ ട്രേയ്ഡ് യൂണിയന് നേതാക്കളായ കെ. ബിജു ആന്റണി, പി.പി. അനില്‍കുമാര്‍, വി.പി. ബാബുരാജ്, കെ. ഹരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചാലക്കുടി എടിഓ കെ.ജെ. സുനില്‍ സ്വാഗതവും പടിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പ്രേമവത്സന്‍ നന്ദിയും പറഞ്ഞു.