ഛത്തിസ്ഗഡില്‍ കന്യാസ്ത്രികള്‍ക്ക് നേരേയുണ്ടായ അതിക്രമം-ഇരിങ്ങാലക്കുടയില്‍ വന്‍ പ്രതിഷേധറാലിയും പൊതുസമ്മേളനവും നടത്തി

ഛത്തിസ്ഗഡില്‍ കന്യാസ്ത്രികള്‍ക്ക് നേരേയുണ്ടായ അതിക്രമത്തില്‍ ഇരിങ്ങാലക്കുടയില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലി കത്തീഡ്രല്‍ വികാരി റവ.ഡോ ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാട്ടുമൃഗങ്ങള്ക്കുപോലും സ്വതന്ത്ര സഞ്ചാരം നടത്താനുള്ള അവകാശം നിയമപരമായി നല്കുന്ന രാജ്യത്ത് മനുഷ്യനായി പിറന്നതിന്റെ പേരില്‍ ക്രിസ്ത്യാനിയായതിന്റെ പേരില്‍ സ്വതന്ത്ര സഞ്ചാരം തടസപ്പെടുത്തുന്ന സംവിധാനങ്ങളെയും തീവ്രസംഘനകളെയും സമൂഹം തിരിച്ചറിയണമെന്ന് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഛത്തിസ്ഗഡില്‍ കന്യാസ്ത്രികള്‍ക്ക് നേരേയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്കുന്ന മതസ്വാതന്ത്യത്തിന് നേരേയുളള അതിക്രമമാണ് കന്യാസ്ത്രികളെ ജയിലില്‍ അടച്ചതിലൂടെ തെളിവാക്കിയത്. ക്രൈസ്ത മിഷിനറിമാര്‍ മനോരോഗികളേയും കുഷ്ഠരോഗികളേയും തെരുവില്‍ അലയുന്നവരേയും ആരോരുമില്ലാത്തവരേയും പരിപാലിക്കുന്ന അതി വിശിഷ്ടമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. നാടിന്റെ വികസനത്തിനും അഭിവൃദിക്കും ഉന്നമനത്തിനും സമാധാനത്തിനും ജീവന് പോലും മാറ്റിവക്കുന്നരാണ് അവര്‍.
അവരെ ഭീഷണിപ്പെടുത്തി മത സ്വാതന്ത്യം ഇല്ലാതാക്കാനുള്ള വര്‍ഗീയ സംഘടനകളുടെ ഏതൊരു പ്രവര്‍ത്തിയേയും ചെറുത്തു തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇരിങ്ങലക്കുട കിഴക്കേപള്ളിയില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി കത്തിഡ്രലില്‍ സമാപിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് സാബു കൂനന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഓസ്റ്റിന്‍ പാറക്കല്‍, ഫാ. ആന്റണി നമ്പളം, മദര്‍ സിസ്റ്റര്‍ റോസിലി, ട്രസ്റ്റി തോമസ് തൊകലത്ത്, സെക്രട്ടറി റോബി കാളിയങ്കര, ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍, വൈസ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി, രൂപത കൗണ്‍സിലര്‍ ടെല്‍സണ്‍ കോട്ടോളി, ജോയിന്റ് സെക്രട്ടറി വര്‍ഗീസ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.