മന്ത്രിയുടെ പ്രസ്താവനയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ ബഹളം

കൗണ്‍സില്‍ യോഗത്തില്‍ കൂക്കുവിളിയും വെല്ലുവിളികളും
ഇരിങ്ങാലക്കുട: ഠാണാ- ചന്തക്കുന്ന് റോഡ് വികസനത്തിന്റെ കാലതാമസത്തിന് ഉത്തരവാദി നഗരസഭയാണെന്ന മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ വിശദീകരണത്തെച്ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ ബഹളം. കരുവന്നൂര്‍ പ്രദേശത്ത് ആറു മാസമായി കുടിവെള്ളക്ഷാമമാണെന്നും നഗരസഭ ഇടപെടണമെന്നുമുള്ള എല്‍ഡിഎഫ് അംഗം കെ. പ്രവീണിന്റെ ആവശ്യത്തെ ചൊല്ലിയുള്ള ചര്‍ച്ചയാണ് വിഷയത്തില്‍ എത്തിച്ചത്. കെഎസ്ടിപിയും നഗരസഭയും വാട്ടര്‍ അഥോറിറ്റിയും പരസ്പരം പഴി ചാരി രക്ഷപ്പെടുകയാണെന്ന് പ്രവീണ്‍ പറഞ്ഞു. കെഎസ്ടിപിയുടെ അശാസ്ത്രീയ നിര്‍മാണങ്ങളാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
തുടര്‍ന്ന് ഭരണകക്ഷി അംഗം ടി.വി. ചാര്‍ളി കഴിഞ്ഞദിവസം ഠാണാ ചന്തക്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പ്രസ്താവന കൗണ്‍സിലിനെ അധിക്ഷേപിക്കുന്നതായെന്ന് കുറ്റപ്പെടുത്തി. നഗരസഭയുടെ അധീനതയില്‍ ഉള്ള കെട്ടിടങ്ങള്‍ സമയബന്ധിതമായി പൊളിച്ച് നീക്കിയിട്ടുണ്ടെന്നും റോഡ് വികസന പദ്ധതിക്ക് അനുവാദം കിട്ടിയിട്ടില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച എല്‍ഡിഎഫ് അംഗങ്ങളായ അഡ്വ. കെ.ആര്. വിജയ, സി.സി. ഷിബിന്‍ എന്നിവര്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത് ഈ സര്‍ക്കാര്‍ ആണെന്നും പദ്ധതി വൈകിപ്പിക്കാനാണ് ചിലര്‍ ശ്രമിച്ചതെന്നും പട്ടണത്തിലെ ഒരു റോഡ് പോലും സഞ്ചാരയോഗ്യമാക്കാന്‍ കഴിയാത്തവരാണ് ഇപ്പോള്‍ ആരോപണങ്ങളുമായി രംഗത്ത് വരുന്നതെന്നും കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുന്നതില്‍ നഗരസഭ വീഴ്ച വരുത്തിയെന്നും പറഞ്ഞു.
വിഷയത്തില്‍ ഇരു കക്ഷികളില്‍ നിന്നുമുള്ള അംഗങ്ങള്‍ ഇടപെട്ടതോടെ യോഗം പതിനഞ്ച് മിനിറ്റ് നേരത്തേക്ക് വാഗ്വാദങ്ങളില്‍ മുങ്ങി. പരസ്പരം കൂക്കുവിളികളും വെല്ലുവിളികളുമായി യോഗം ബഹളത്തില്‍ മുങ്ങി. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എം.ആര്. ഷാജു, ടി.കെ. ജയാനന്ദന്, ടി.കെ. ഷാജു, ബിജു പോള്‍ അക്കരക്കാരന്‍, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക്ക് തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
റോഡ് വികസനം: നിര്‍മ്മാണാനുമതി പോലും ലഭിച്ചിട്ടില്ലെന്ന് നഗരസഭ
ഇരിങ്ങാലക്കുട: ഠാണാ- ചന്തക്കുന്ന് റോഡ് വികസന വിഷയത്തില്‍ മന്ത്രിയുടെ പ്രസ്താവനയെ ആവര്‍ത്തിച്ച് അപലപിച്ച് നഗരഭ ഭരണനേതൃത്വം. തൃശൂര്‍- ഷൊര്‍ണ്ണൂര്‍ റോഡ് നിര്‍മാണ പ്രവൃത്തിയെക്കുറിച്ച് നഗരസഭയെ കൃത്യമായി അറിയിക്കാറില്ല. മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഈ റോഡ് പ്രവൃത്തിയെ കുറിച്ച് സംസാരിക്കുന്നതിനായി പലതവണ റവന്യൂ ഉദ്യോഗസ്ഥരുമായി ശ്രമിച്ചപ്പോഴും അതിന് അനുകൂലമായ മറുപടി ഉണ്ടായില്ല. ഇരിങ്ങാലക്കുട നഗരസഭയുടെ കെട്ടിടങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായപ്പോഴും നഗരസഭ കെട്ടിടങ്ങളുടെ കാര്യത്തില്‍ മാത്രം ഒരു തീരുമാനവും എടുത്തിരുന്നില്ല. അതിനുശേഷം റവന്യൂ അധികൃതരുമായി നഗരസഭയുടെ ആശങ്ക അറിയിച്ചതിന് ശേഷം മാത്രമാണ് തുടര്‍നടപടികള്‍ ആരംഭിച്ചതും.
ആദ്യ റീച്ചിന്റെ അടുത്തുള്ള കെട്ടിടങ്ങള്‍ പൊളിച്ചാൽ പണി ആരംഭിക്കാമെന്ന് പറഞ്ഞതനുസരിച്ച് മുനിസിപ്പല്‍ കോംപ്ലക്സ് 2024 ഡിസംബറിലും തുടര്‍ന്ന് 2025 എപ്രിലില്‍ രണ്ടാമത്തെ കെട്ടിടവും പൊളിച്ച് നീക്കിയതാണ്. എന്നാല്‍ ഇതുവരെ ആദ്യ റീച്ചിന്റെ പണി ആരംഭിച്ചിട്ടില്ല. എല്ലാം ഒരുമിച്ച് പൊളിച്ച് ജനജീവിതം ദുരിതത്തിലാക്കിയത് മന്ത്രിയുടെ ബാലിശമായ ധാര്‍ഷ്ഠ്യം ഒന്നുകൊണ്ടാണ്. നിര്‍മാണ പ്രവൃത്തികളുടെ പേരില്‍ കുടിവെള്ളം മുടങ്ങിയപ്പോള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കുടിവെള്ളം നലകിയത് നഗരസഭയാണ്.
ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് പറയുന്ന റോഡ് പ്രവൃത്തിയുടെ നിർമാണാനുമതി കരാറുകാര്‍ക്ക് ലഭിച്ചിട്ടില്ല. നഗരസഭയും പൊതുജനങ്ങളും ഇത്രയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോഴും നഗരസഭ എന്നും ജനങ്ങളോടൊപ്പമാണെന്ന് ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് പറഞ്ഞു. വൈസ്- ചെയര്മാന് ബൈജു കുറ്റിക്കാടന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന് വെള്ളാനിക്കാരന്‍, ജെയ്സന് പാറേക്കാടന്‍, കൗണ്‍സിലര്‍മാരായ ഒ.എസ്. അവിനാശ്, സോണിയ ഗിരി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.