ക്രൈസ്റ്റില്‍ അന്താരാഷ്ട്ര ഭൗമശാസ്ത്ര സെമിനാര്‍ സമാപിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ജിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗം, ബ്രിട്ടനിലെ എക്സെറ്റര്‍, ദക്ഷിണാഫ്രിക്കയിലെ സുളുലാന്‍ഡ് എന്നീ സര്‍വകലാശാലകളുമായി ചേര്‍ന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പിന്തുണയോടെ അന്താരാഷ്ട്ര ജിയോ സയന്‍സ് കൊളോക്യം സംഘടിപ്പിച്ചു. മൂന്നു ഘട്ടങ്ങളായി നടത്തിയ പരിപാടിയില്‍ 14 രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ ശാസ്ത്രജ്ഞര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും 29 അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി 200 ലധികം പേര് പങ്കെടുക്കുകയും ചെയ്തു. വിവിധങ്ങളായ ഗവേഷണ രംഗങ്ങളില്‍ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ നിരവധി ശാസ്ത്രജ്ഞര്‍ ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തു. ഡോ. ആന്‍ജലോ ഗലഗോ സാല, ഡോ. സജിന്‍കുമാര്‍, ഡോ. ലിന്റോ ആലപ്പാട്ട്, പ്രഫ. വെട്രി മുരുകന് എന്നിവര്‍ മൂന്നു ഘട്ടങ്ങളെ പരിചയപ്പെടുത്തി. കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം സ്വീകരിക്കേണ്ടുന്ന മുന്‍കരുതലുകള്‍, തടയുന്നതിനുള്ള മാര്‍ഗങ്ങള്‍, പ്രകൃതിയുടെ പരിസ്ഥിതി വ്യവസ്ഥയെ അതിന്റെ പച്ചപ്പോടെ നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം എന്നിവയെപ്പറ്റിയും ഐക്യരാഷ്ട്ര സംഘടന പ്രതിനിധി ഡോ. കരേന്‍ സെഡ് മെയര്‍ പ്രതിപാദിച്ചു. നാഷ്ണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ പ്രഫ. എസ്. റേ. ജ്യോതിരഞ്ജന് ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. ഡോ. ലിന്റോ ആലപ്പാട്ട്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, പ്രഫ. നോക്കുതല വിന്‍ഫ്രഡ് കുനുനേ (ഡീന്‍, സുളുലാന്‍ഡ് യൂണിവേഴ്സിറ്റി), പ്രഫ. വെട്രിമുരുകന്‍ (സുളുലാന്‍ഡ് യൂണിവേഴ്സിറ്റി) എന്നിവര്‍ പ്രസംഗിച്ചു.