‘ ഒരുവട്ടം കൂടി ‘ എന്ന പേരില്‍ ഗാനാഞ്ജലിയുമായി സെന്റ് ജോസഫ്സ് കോളജിലെ പൂര്‍വ വിദ്യാര്‍ഥിനികള്‍
ഇരിങ്ങാലക്കുട: മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി. കുറുപ്പിന്റെ അഞ്ചാം ചരമവാര്‍ഷികത്തില്‍ ‘ ഒരുവട്ടം കൂടി ‘ എന്ന പേരില്‍ ഗാനാഞ്ജലി ഒരുക്കിയിരിക്കുകയാണു ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് (ഓട്ടോണമസ്) കോളജിലെ പൂര്‍വവിദ്യാര്‍ഥിനികള്‍. കലാലയ കാലഘട്ടത്തില്‍ കാമ്പസിനെ സംഗീത സാന്ദ്രമാക്കിയിരുന്നവരും പിന്നീട് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ സംഗീതത്തില്‍ നിന്നു അകന്നുപോകേണ്ടി വന്നവരുമായ 14 പൂര്വവിദ്യാര്ഥിനികളാണു ഈ ഗാനാഞ്ജലിയിലൂടെ വീണ്ടുമൊരു തിരിച്ചുവരവ് നടത്തുന്നത്. കോളജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ പ്രസിഡന്റും ഗായികയുമായ മായാലക്ഷ്മിയുടെ മനസില്‍ വിരിഞ്ഞ ആശയത്തിനു എല്ലാ പ്രോത്സാഹനവുമായി പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ തെരേസ്, സംഘടനയുടെ സെക്രട്ടറിയും ചരിത്ര വിഭാഗം മേധാവിയുമായ സുമിനയും മറ്റും ഒപ്പം നിന്നു. ആലാപനത്തിലും ഇതിന്റെ മറ്റു രംഗങ്ങളിലും കഴിവതും പൂര്‍വ വിദ്യാര്‍ഥിനികള്‍ തന്നെയായിരിക്കണമെന്നു ആദ്യമേ തീരുമാനിച്ചിരുന്നു. രചന, സംഗീതം, വീണ എന്നിവ കൈകാര്യം ചെയ്തതും പൂര്‍വവിദ്യാര്‍ഥിനികള്‍ തന്നെയാണ്. ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന് അവര്‍ പാടി അയച്ചുതന്ന ഗാനഭാഗങ്ങള്‍ ഇരിങ്ങാലക്കുട ബെല്‍ സ്റ്റുഡിയോയിലെ പ്രശാന്ത് ശങ്കര്‍ ഒന്നിച്ചു ചേര്‍ത്തപ്പോള്‍ അത് കവിക്കുള്ള ഗാനാഞ്ജലിയായി. ഹിത, ജയലക്ഷ്മി, അനിത, ലില്ലി, ലിസി, രാഖി, സംഗീത, രാധിക, മായ, സോണിയ, മായാലക്ഷ്മി, സിന്ധു, ലത എന്നീ പൂര്വവിദ്യാര്ഥിനികളാണു ഇതില്‍ പാടിയിട്ടുള്ളത്. രചന ഹിത ഈശ്വരമംഗലവും വീണാവാദനം ശ്രീവിദ്യ വര്മയുമാണു നിര്‍വഹിച്ചിരിക്കുന്നത്. ഗാനാഞ്ജലിയുടെ ഔപചാരിക പ്രകാശനം ഒ.എന്‍.വിയുടെ ചരമദിനമായ 13 നു രാവിലെ 10.30 നു പ്രമുഖ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് കോളജിന്റെ സാമൂഹ്യ മാധ്യമമായ യുട്യൂബ് ചാനലില്‍ നിര്‍വഹിക്കും. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ആഷ തെരേസ് അധ്യക്ഷത വഹിക്കും. പ്രഫ. സാവിത്രി ലക്ഷ്മണന് മുഖ്യപ്രഭാഷണം നടത്തും. ഭാവഗായകന് പി. ജയചന്ദ്രന്, ഡോ. എം.എന്‍. അഥീന, പി.വി. രമാദേവി, ഹിത ഈശ്വരമംഗലം, ആതിര മധു, പ്രഫ. ഇ.എച്ച്. ദേവി, ശ്രീജ എന്നിവര്‍ പ്രസംഗിക്കും.