മുരിയാട് കോള്‍മേഖലയില്‍ കൃഷിയിറക്കിയ നെല്ലിന് കുമിള്‍ രോഗം: കര്‍ഷകര്‍ ദുരിതത്തില്‍
മാടായിക്കോണം: മുരിയാട് കോള്‍മേഖലയില്‍ കൃഷിയിറക്കിയ മനുരത്ന നെല്ലില്‍ കുമിള്‍ രോഗംമൂലം കരിച്ചില്‍ രൂക്ഷമാകുന്നു. നെല്ല് ഉണങ്ങിത്തുടങ്ങിയതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. മുരിയാട്, വൈക്കലച്ചിറ, പുല്ലംകുളങ്ങര, കരിംപാടം എന്നിവിടങ്ങളില്‍ മനുരത്ന കൃഷി ചെയ്ത പാടശേഖരങ്ങളിലാണു ഈ പ്രതിസന്ധി. ഇവിടെയെല്ലാം വിള നശിച്ച് ഉഴുതുകളയേണ്ട അവസ്ഥയാണെന്നു കര്‍ഷകര്‍ പറഞ്ഞു. ഈ ഹ്രസ്വകാല നെല്ലിനു കുമിള്‍, ബാസ്റ്ററിയ എന്നീ രോഗങ്ങള്‍ക്കെതിരേ യാതൊരുവിധ പ്രതിരോധശേഷിയും ഇല്ലെന്നു കര്‍ഷകര്‍ പറഞ്ഞു. ബ്ലാസ്റ്റ്, പോളചീയര്, ബൈറ്റ്, വൈറസ് മൂലമുണ്ടാകുന്ന ബിഎല്‍ബി (ബാക്ടീരിയല്‍ ലീസ് ബ്ലാസ്റ്റ്) എന്നീ കുമിള്‍ രോഗങ്ങള്‍ മനുരത്ന കൃഷിയിറക്കിയ പാടശേഖരത്തില്‍ വ്യാപകമായി പടര്‍ന്നിരിക്കുകയാണ്. രോഗം വന്നാല്‍ വിളവില്‍ 60 ശതമാനം വരെ നഷ്ടം വരും. ബ്ലാസ്റ്റ് വരുമ്പോള്‍ സുഡോമോണസും ചാണകവെള്ളവും തളിക്കാനാണു കൃഷിഭവന് പറയുന്നത്. ബിഎല്ബിക്കു മരുന്നടിക്കുമ്പോഴേയ്ക്കും ബ്ലാസ്റ്റ് കേറിപ്പിടിക്കുകയാണ്. ഇവ രണ്ടും കൂടി വരുമ്പോള്‍ സുഡോമോണസ് മാത്രം തളിച്ചതുകൊണ്ട് ഫലമില്ല. ബിഎല്‍ബി വന്നു കഴിഞ്ഞാല്‍ പിന്നെ മരുന്നടിച്ച് വീണ്ടും രക്ഷപ്പെട്ടുവരുമ്പോള്‍ കതിര് മുഴുവന്‍ പതിരായിപ്പോകും. രോഗവ്യാപനം തടയുന്നതിനു വിപണിയില്‍ ലഭ്യമായ ബഹുരാഷ്ട്ര കമ്പനികളുടെ മരുന്നുകളെയാണു കര്‍ഷകര്‍ ആശ്രയിക്കുന്നത്. അതിനാകട്ടെ പൊള്ളുന്ന വിലയും. മൂന്നു പ്രാവശ്യമെങ്കിലും മരുന്നടിച്ചാല്‍ മാത്രമെ ഈ കൃഷി രക്ഷപ്പെടുകയുള്ളൂ. ഈ മരുന്നിനു ഒരേക്കറിനു 1300 രൂപ വില വരും. വലിയതോതില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കു ഇതു വന്‍ സാമ്പത്തിക ബാധ്യതയാണു ഉണ്ടാക്കുന്നത്. മണ്ണുത്തി അഗ്രകള്‍ച്ചറല്‍ റിസര്‍ച്ച് സെന്ററില്‍ നിന്നാണു മനുരത്ന വിതരണം ചെയ്തതെന്നു കര്‍ഷകര്‍ പറഞ്ഞു. മൂപ്പ് കുറവാണ്, രണ്ടര ഏക്കറിനു ഒമ്പത് ടണ്‍ കിട്ടും തുടങ്ങി വലിയതോതിലുള്ള പ്രോത്സാഹനമാണു മനുരത്നയ്ക്കു അഗ്രകള്‍ച്ചറല്‍ റിസര്‍ച്ച് സെന്റര്‍ നല്‍കുന്നത്.