പുഞ്ചനിലങ്ങളില്‍ ദുരിതത്തിലായ കര്‍ഷകര്‍ക്ക് ആശ്വാസം: തോടുകള്‍ വൃത്തിയാക്കിത്തുടങ്ങി
പടിയൂര്‍: ആവശ്യത്തിനു വെള്ളം ലഭിക്കാതെ പുഞ്ചനിലങ്ങളില്‍ ദുരിതത്തിലായ കര്‍ഷകര്‍ക്കു ആശ്വാസമായി തോടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ അവുണ്ടര്ചാലിനു സമീപമുള്ള ഓരി കോള്‍, എടപ്പാടം കോള്‍, 160 കോള്‍, മനയ്ക്കല്‍ കോള്‍, കാക്കാത്തുരുത്തി ഫാം തോട്, പഞ്ചായത്ത് തോട് എന്നിവയില്‍ നിന്നാണു ജെസിബി ഉപയോഗിച്ചു കുളവാഴകളും ചണ്ടിയും നീക്കുന്നത്. ദുരന്തനിവാരണ ഫണ്ടില്‍ നിന്നു ജില്ലാ കളക്ടര്‍ അനുവദിച്ച രണ്ടുലക്ഷത്തില്‍ താഴെ വരുന്ന തുക ഉപയോഗിച്ചാണു പ്രവൃത്തികള്‍ നടക്കുന്നത്. പ്രധാന ജലസംഭരണിയായ അവുണ്ടര് ചാലില്‍ വേണ്ടത്ര വെള്ളമുണ്ടെങ്കിലും അനുബന്ധ തോടുകള്‍ ചണ്ടിയും കുളവാഴകളും വളര്‍ന്നു കാടുപിടിച്ച് കിടക്കുന്നതിനാല്‍ മോട്ടോര്‍ അടിച്ചാല്‍ പോലും വെള്ളം കിട്ടാത്ത അവസ്ഥയിലാണ്. വിവിധ പാടശേഖരങ്ങളിലായി 50 ഹെക്ടറിലേറെ സ്ഥലത്താണു വെള്ളം കിട്ടാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായത്. വെള്ളം ഏറ്റവും കൂടുതല്‍ ആവശ്യമായ 15 മുതല്‍ 70 ദിവസം വരെ പ്രായമായ നെല്ചെടികളാണു ഈ പാടശേഖരങ്ങളിലുള്ളത്. ഫാം തോടിലെ സ്ലൂയിസുകള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കെഎല്‍ഡിസി കനാലില്‍ നിന്നെത്തിയ വെള്ളം കാക്കാത്തുരുത്തി പ്രദേശത്തെ വെള്ളക്കെട്ടിലാക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരി ആദ്യം പാടശേഖരത്തെ തോടുകളിലെ ചണ്ടി, കുളവാഴ എന്നിവ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിനാവശ്യമായ ധനസഹായത്തിനു ജില്ലാ പഞ്ചായത്തിനേയും ജില്ലാ കളക്ടറേയും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറെ കണ്ട് വീണ്ടും നിവേദനം നല്‍കുകയായിരുന്നു.