കാട്ടൂര്‍ക്കടവ് കൊലപാതകം: പിടിയിലായത് കുപ്രസിദ്ധ ഗുണ്ട ഒടിയന് ദര്‍ശനും മിനുക്കി രാഗേഷും
കാട്ടൂര്‍: കാട്ടൂര്ക്കടവില് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര് അറസ്റ്റില്‍. കൊടും ക്രിമിനലുകളായ കാട്ടൂര്‍ കടവ് നന്തിലത്തുപറമ്പില് ദര്ശന് കുമാര്‍ (35), ചേര്‍പ്പ് കള്ളിയത്ത് രാഗേഷ് (32), ഇവര്‍ക്ക് ഒളിസങ്കേതം ഒരുക്കിയ വടക്കുംഞ്ചേരി ആയിക്കാട് ആലിങ്കല്‍ ഗിരീഷ് (36) എന്നിവരെയാണു തൃശൂര്‍ റൂറല്‍ എസ്പി പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷും സംഘവും പിടികൂടിയത്. കൊലപാതകം, കവര്‍ച്ച, അടിപിടി അടക്കം നിരവധി കേസുകളില്‍ പ്രതികളാണു ദര്‍ശനും രാഗേഷും. ചേര്‍പ്പില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ കൊലപാതക കേസിലെ പ്രതിയാണു ദര്‍ശനന്‍. അഞ്ചു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രി കോയമ്പത്തൂര്‍ റെയില്‍വേ പരിസരത്തു നിന്നുമാണു അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയായി പോലീസിനെ ഉറക്കം കെടുത്തി ഒളിവില്‍ കഴിഞ്ഞിരുന്ന ഇവര്‍ ചെന്നൈയ്ക്കുള്ള യാത്രക്കിടയില്‍ കോയമ്പത്തൂരില്‍ വച്ച് പോലീസിന്റെ കയ്യില്‍ പെടുകയായിരുന്നു. കാട്ടൂര്‍ സിഐ വി.വി. അനില്‍ കുമാര്‍, ഇരിങ്ങാലക്കുട സിഐ അനീഷ് കരീം, ചേര്‍പ്പ് സിഐ ടി.വി. ഷിബു, കൊരട്ടി സിഐ സി.ബി. അരുണ്‍, അന്തിക്കാട് സിഐ പി. ജ്യോതീന്ദ്ര കുമാര്‍, എസ്ഐമാരായ ആര്. രാജേഷ്, കെ. സുഹൈല്‍, ജസ്റ്റിന്, രഞ്ചിത്ത്, ജിനു മോന് തച്ചേത്ത്, എഎസ്ഐ പി. ജയകൃഷ്ണന്, സീനിയര്‍ സിപിഒമാരായ പ്രസാദ്, ഷഫീര്‍ ബാബു, ഇ.എസ്. ജീവന്, കെ.എസ്. ഉമേഷ്, അനൂപ് ലാലന്, വൈശാഖ് മംഗലന്‍, സ്പെഷല്‍ ബ്രാഞ്ച് ഓഫീസര്‍ കെ.വി. ഫെബിന് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ 14 നു വൈകീട്ട് 9.30 ഓടെയാണു കാട്ടൂര്ക്കടവില് നന്ദനത്തുപറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) വീട്ടുമുറ്റത്തു വെട്ടേറ്റു മരിച്ചത്. ഹരീഷിനോടുള്ള വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചത്. നാലു പ്രതികളില്‍ രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു. കൃത്യത്തിനു ഉപയോഗിച്ചതെന്നു കരുതുന്ന വാള് തൃപ്രയാര്‍ പാലത്തിന്റെ തെക്കേഭാഗത്തു കനോലി കനാലില്‍ നിന്നു പോലീസ് കണ്ടെടുത്തു. കാട്ടൂര്‍ ചെമ്പാപ്പിള്ളി വീട്ടില്‍ നിഖില്‍ (35), ഒളരി നങ്ങേലില്‍ വീട്ടില്‍ ശരത്ത് (36) എന്നിവരാണു സംഭവ ദിവസം തന്നെ പോലീസിന്റെ പിടിയിലായത്. വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയതിനു ശേഷം ഒളിസങ്കേതത്തിലേക്കു രക്ഷപ്പെടുന്നതിനായി ഇരുവരും ബൈക്കില്‍ പോകുമ്പോഴാണു പോലീസിന്റെ പിടിയിലാണ്.
രക്ഷപ്പെടാനായി ചെന്നെത്തിയത് പോലീസിന്റെ മടയില്‍
കാട്ടൂര്‍: മുടി വെട്ടി രൂപ മാറ്റം വരുത്തി കോള്‍ പാടത്തും കുറ്റിക്കാട്ടിലും ഒളിച്ചു കിടന്നു. ഒടുവില്‍ നാട്ടില്‍ നിന്നു രക്ഷപ്പെടാന്‍ കോയമ്പത്തൂര്‍ എത്തിയപ്പോള്‍ കണ്ടത് തങ്ങളെ പിടിക്കാന്‍ നിരയായി തയാറെടുത്തു നില്ക്കുന്ന പോലീസ് സംഘത്തെയാണ്. ഒടുവില്‍ നാടിനെ വിറപ്പിച്ച ഗുണ്ടകള്‍ അന്വേഷണ സംഘത്തിനു കീഴടങ്ങുകയായിരുന്നു.