കതിരണിയാതെ മുരിയാട് ഹരിതശ്രീ പാടശേഖരം, തുരുമ്പെടുത്ത് മോട്ടോര്‍
- 20 വര്‍ഷത്തിലേറെയായി തരിശായിക്കിടക്കുന്നത് 30 ഏക്കറിലേറെ സ്ഥലം
- ജില്ലാ പഞ്ചായത്ത് അനുവദിച്ച വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ് സ്ഥാപിക്കാന്‍ മോട്ടോര്‍ ഷെഡില്ലാത്തതിനാല്‍ തുരുമ്പെടുക്കുന്നു
- പമ്പ് സെറ്റില്ലാത്തതിനാല് സമയാസമയത്ത് കൃഷിയിറക്കാന്‍ കഴിയുന്നില്ലെന്നും കര്‍ഷകര്‍
മുരിയാട്: ഹരിതശ്രീ പാടശേഖരത്തെ തരിശുരഹിതമാക്കാന്‍ ഒരു മോട്ടോര്‍ ഷെഡ് സ്ഥാപിച്ചാല്‍ മാത്രം മതി. നാലുവര്‍ഷം മുമ്പ് ജില്ലാ പഞ്ചായത്ത് പാടശേഖരത്തിനു നല്കിയ വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ് ഇതുവരെയും സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ തുരുമ്പെടുത്തുതുടങ്ങി. പമ്പ് സെറ്റ് സ്ഥാപിക്കാത്തതിനാല്‍ പാടശേഖരത്തില്‍ പൂര്‍ണമായും കൃഷിയിറക്കാന്‍ കഴിയുന്നുമില്ല. മുരിയാട് പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഹരിതശ്രീ പാടശേഖരത്തിലാണു ശരിയായ രീതിയില്‍ വെള്ളം ലഭിക്കാത്തതിനാല്‍ 30 ഏക്കറിലേറെ സ്ഥലം 20 വര്‍ഷത്തോളമായി തരിശായിക്കിടക്കുന്നത്. പാടശേഖരത്തിലെ മറ്റു ഭാഗങ്ങളില്‍ കുറേശയായി കര്‍ഷകര്‍ കൃഷിയിറക്കി. ഇപ്പോള്‍ ഉയര്‍ന്ന പ്രദേശങ്ങളടക്കം 125 ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. ഈ പാടശേഖരത്തില്‍ കൃഷിയിറക്കുന്നതു ഒരു ഭാഗ്യപരീക്ഷണമാണെന്നാണു കര്‍ഷകര്‍ പറയുന്നത്. കൃഷി ചെയ്യുന്നതിനിടയില്‍ നല്ലൊരു മഴ പെയ്താല്‍ എല്ലാം നശിക്കും. തോടുകള്‍ ചെളിയും ചണ്ടിയും നിറഞ്ഞുകിടക്കുന്നതിനാല്‍ വെള്ളം കയറാനും ഇറങ്ങാനും ബുദ്ധിമുട്ടാണ്. തോടുകള്‍ വൃത്തിയാക്കി ജില്ലാ പഞ്ചായത്ത് നല്കിയ പമ്പ് സെറ്റ് മുള്ളംകായലില് സ്ഥാപിച്ചാല്‍ പാടശേഖരം പൂര്‍ണമായും കൃഷിയിറക്കാന്‍ കഴിയുമെന്നു കര്‍ഷകര്‍ പറഞ്ഞു. നാലു വര്‍ഷം മുമ്പാണു ജില്ലാ പഞ്ചായത്ത് 11 ലക്ഷം രൂപ വിലവരുന്ന 30 കുതിരശക്തിയുള്ള വെര്‍ട്ടിക്കല്‍ പമ്പ് സെറ്റ് അനുവദിച്ചത്. ഇതിനായി 1.20 ലക്ഷത്തോളം ഉപഭോക്തൃവിഹിതമായി അടച്ചതായും സംഘം ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ പമ്പ് സെറ്റ് സ്ഥാപിച്ചാല്‍ ആവശ്യമായ മോട്ടോര്‍ ഷെഡ് മുള്ളംകായലില് ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന മോട്ടോര്‍ ഷെഡ് താഴ്ന്നിരിക്കുന്നതിനാല്‍ അതില്‍ സ്ഥാപിക്കാനും സാധിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ മുരിയാട് പഞ്ചായത്ത് കര്‍ഷകര്‍ക്കു മോട്ടോര്‍ ഷെഡ് നിര്‍മിക്കാന്‍ ഒന്നരലക്ഷം അനുവദിക്കുകയും അത് ടെന്‍ഡര്‍ നടത്തി കരാറുകാരനെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ നിര്‍മാണപ്രവൃത്തികള്‍ തുടങ്ങിയതല്ലാതെ മൂന്നുവര്‍ഷമായിട്ടും പണി പൂര്‍ത്തിയാക്കാന്‍ കരാറുകാര്‍ക്കു സാധിച്ചില്ല. പദ്ധതിത്തുക നഷ്ടപ്പെടുകയും ചെയ്തു. കര്‍ഷകനും പാടശേഖരസമിതി മുന്‍ ഭാരവാഹിയുമായിരുന്ന വിജയനാണു ഇപ്പോഴത്തെ വാര്‍ഡ് അംഗം. അതുകൊണ്ടുതന്നെ പുതിയ പഞ്ചായത്ത് ഭരണസമിതി വിഷയത്തില്‍ ഇടപെട്ട് വേഗം തന്നെ പ്രശ്നപരിഹാരമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍.
പ്രവൃത്തികള്‍ അടുത്തവര്‍ഷം പൂര്‍ത്തീകരിക്കും-ജോസ് ജെ. ചിറ്റിലപ്പിള്ളി (മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
ജില്ലാ പഞ്ചായത്ത് അനുവദിച്ച പമ്പ് സെറ്റ് സ്ഥാപിക്കാത്തിനാല്‍ ഹരിതശ്രീ കോള്‍ പടവിലെ 30 ഏക്കറോളം സ്ഥലം തരിശായി കിടക്കുകയാണ്. മോട്ടോര്‍ ഷെഡും അതിലേക്കു വൈദ്യുതിയും എത്തിച്ചാല്‍ ഇവിടേയും കൃഷിയിറക്കാന്‍ സാധിക്കും. നേരത്തെ പാടശേഖരത്തിലുണ്ടായിരുന്ന വൈദ്യുതി ലൈന്‍ 2018 ലെ പ്രളയത്തില്‍ തകര്‍ന്നുപോയി. അടുത്ത വര്‍ഷം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് പാടശേഖരത്തില്‍ വിളവിറക്കാന്‍ സാധിക്കും.