കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ക്ക് സഹായ ഹസ്തമായി സ്വന്തം വാഹനം വിട്ട് നല്കി യുവാവ്
വല്യ മനസാണ് ഈ സെബി ജോസഫിന്, ………..
കാട്ടൂര്‍: കോവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ കരാഞ്ചിറ സെന്റ് ജോര്‍ജ് സ്കൂളില്‍ കാട്ടൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഡൊമിസിലിയറി സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സ്വന്തം വാഹനം താത്ക്കാലികമായി വിട്ടുനല്‍കി കാട്ടൂര്‍ സ്വദേശി. കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സ്വദേശി സെബി ജോസഫാണു തന്റെ ഉടമസ്ഥതയിലുള്ള കാര്‍ യാതൊരു പ്രതിഫലവും ഇല്ലാതെ പഞ്ചായത്തിനു വിട്ടു നല്‍കിയത്. ഡിസിസിയില്‍ പ്രവേശിപ്പിക്കേണ്ട രോഗികളെ കൊണ്ടു വരുന്നതിനാണ് കൂടുതലും വാഹനം ആവശ്യമായി വരിക. വാഹനം വിട്ടു തന്നതിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നടക്കുന്ന വാക്സിന് ചലഞ്ചിലേക്കു 10,000 രൂപ സംഭാവനയും സെബി നല്കി. ആവശ്യമെങ്കില്‍ കോവിഡ് രോഗികള്‍ക്കായുള്ള ആംബുലന്‍സ് ഓടിക്കാനുള്ള സന്നദ്ധതയും നല്ലൊരു ഡ്രൈവര്‍ കൂടിയായ സെബി അറിയിച്ചു. അതിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തില്‍ പോകേണ്ടി വന്നാല്‍ താമസിക്കാനുള്ള മുന്നൊരുക്കങ്ങളും സെബി നടത്തിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ വേണ്ട എന്ത് സഹായത്തിനും തന്നെ സമീപിക്കാമെന്നും സെബി പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്. പഞ്ചായത്തിനു വേണ്ടി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി.എം. കമറുദ്ദീന് വാഹനവും പണവും ഏറ്റുവാങ്ങി. ഡിസിസിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നിലവില്‍ ഈ വാഹനം ഉപകാരപ്രദമാകുമെന്നും കമറുദ്ദീന് അറിയിച്ചു.