വിജയന് കൊലക്കേസ് ഒന്നു മുതല്‍ അഞ്ചു പ്രതികളെയും എട്ടാം പ്രതിയെയും കുറ്റക്കാരെന്നു കണ്ടെത്തി
ഇരിങ്ങാലക്കുട: വിജയന് കൊലക്കേസില്‍ ഒന്നു മുതല്‍ അഞ്ചു പ്രതികളെയും എട്ടാം പ്രതിയെയും കുറ്റക്കാരെന്നു കണ്ടെത്തി. പ്രതികളായ കാറളം വില്ലേജ് കിഴുത്താനി ദേശത്ത് ഐനിയില്‍ വീട്ടില്‍ രഞ്ജിത്ത് എന്ന രഞ്ജു (32), നെല്ലായി വില്ലേജ് പന്തല്ലൂര്‍ ദേശത്ത് ആലപ്പാട്ട് മാടാനി വീട്ടില്‍ ജിജോ ജോര്‍ജ് (30) കാറളം വില്ലേജ് പുല്ലത്തറ ദേശത്ത് പെരിങ്ങാട്ടില്‍ വീട്ടില്‍ നിധീഷ് എന്ന പക്രു (30), പൊറത്തിശേരി വില്ലേജ് മൂര്‍ക്കനാട് ദേശത്ത് കറപ്പ്പറമ്പില് വീട്ടില്‍ അഭിനന്ദ് (22), വേളൂക്കര വില്ലേജ് കോമ്പാറ ദേശത്ത് കുന്നത്താന്‍ വീട്ടില്‍ മെജോ ജോസഫ് (28), എട്ടാം പ്രതി പുല്ലൂര്‍ വില്ലേജ് ഗാന്ധിഗ്രാം വേലത്തിക്കുളം ദേശത്ത് തൈവളപ്പില്‍ അഭിഷേക് എന്ന ടുട്ടു (25) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.എസ്. രാജീവ് വിധിയെഴുതിയത്. ഇരിങ്ങാലക്കുട ജോളി ബാറിനു സമീപമുള്ള മുറുക്കാന്‍ കടയില്‍ വച്ച് ഒന്നാം പ്രതി രഞ്ജിത്ത് എന്ന രഞ്ജു മുറുക്കുന്നതിനിടയില്‍ ചുണ്ണാമ്പ് മോന്തച്ചാലില്‍ വിജയന് മകന് വിനീത്, സുഹൃത്ത് മനവലശേരി വില്ലേജ് കനാല്‍ ബേസ് ദേശത്ത് വടക്കുംതറ വീട്ടില്‍ ഹര്ഷന് മകന് ഷെരീഫ് എന്നിവരുടെ ദേഹത്ത് വീണത് രഞ്ജിത്തിനോട് ചോദിച്ചതിലുള്ള വിരോധം വെച്ച് പ്രതികള്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിക്ക് കിഴക്കുവശത്തുള്ള ആള്‍ത്താമസമില്ലാത്ത പറമ്പില്‍ വെച്ച് വിനീതിനെ കൊലപ്പെടുത്തുന്നതിനു വേണ്ടി കുറ്റകരമായ ഗൂഢാലോചന നടത്തി. കൃത്യം നടത്തുന്നതിനു പദ്ധതി ആസൂത്രണം ചെയ്തും ന്യായവിരോധമായി സംഘം ചേര്‍ന്നും വാളുകള്‍, കത്തി, മരവടികള്‍ എന്നിവ കൈവശം വെച്ച് മോട്ടോര്‍ സൈക്കിളുകളിലെത്തി 2018 മെയ് 27 നു രാത്രി 11.15 നു ഇരിങ്ങാലക്കുട കനാല്‍ ബേസിലുള്ള മോന്തചാലില്‍ വിജയന്റെ വീട്ടിലേക്ക് പ്രതികള്‍ അതിക്രമിച്ചു കയറി വിജയനെയും ഭാര്യ അംബികയെയും അമ്മ കൗസല്യയെയും മാരകായുധങ്ങളായ വാള്, കത്തി, മരവടികള്‍ എന്നിവ കൊണ്ട് ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയുമാണ് ഉണ്ടായത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വിജയന്, അംബിക, കൗസല്യ എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിജയനു പറ്റിയ ഗുരുതരമായ പരിക്കിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2018 മെയ് 28 നു മരിച്ചു. ഒന്നു മുതല്‍ അഞ്ചു പ്രതികളും എട്ടാം പ്രതിയും കൊലപാതകം, വധശ്രമം, ഗൂഢാലോചന, സംഘം ചേരല്‍, വീട്ടിലേക്ക് അതിക്രമിച്ചു കയറല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതായി കോടതി കണ്ടെത്തി. കേസില്‍ ശിക്ഷ സംബന്ധിച്ച വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം അഞ്ചിലേക്കു മാറ്റിവച്ചു. ആറ്, ഏഴ്, ഒമ്പത്, 10, 11, 12, 13 പ്രതികളെ കോടതി വെറുതെ വിട്ടു. ഇരിങ്ങാലക്കുട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് 68 സാക്ഷികളെ വിസ്തരിക്കുകയും 177 രേഖകളും 39 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി, എബിന് ഗോപുരന്‍, വി.എസ്. ദിനല്‍, കെ.ആര്. അര്ജുന്, അല്‍ജോ പി. ആന്റണി എന്നിവര്‍ ഹാജരായി.