ടി.എന്‍. പ്രതാപന് എംപിയും കെ. മുരളീധരന് എംപിയും മുകുന്ദന്റെ കുടുബാംഗങ്ങളെ ആശ്വസിപ്പിച്ചു
മുകന്ദന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ഭരണസമിതിയും സംസ്ഥാന സഹകരണ വകുപ്പും ഇരിങ്ങാലക്കുട: വായ്പാതട്ടിപ്പിന്റെ പേരില്‍ മുകന്ദന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ഭരണസമിതിയും സംസ്ഥാന സഹകരണ വകുപ്പുമാണെന്ന് ടി.എന്‍. പ്രതാപന് എംപി പറഞ്ഞു. മുകുന്ദന്റെ കുടുബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എംപി. ഒരു നാട്ടിന്‍പുറത്തുകാരനായ സാമൂഹ്യപ്രവര്‍ത്തകന്‍ ഇത്തരത്തില്‍ ദാരുണമായി മരിക്കാനിടയായെങ്കില് സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും. ഈ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സഹകരണ വകുപ്പ് കാണിക്കണം. ബാങ്കിലെ തട്ടിപ്പിന്റെ പേരിലുള്ള നിയമനടപടികള്‍ ഒരു ഭാഗത്തുനിന്നുണ്ടാകണം. കൂടാതെ മുകുന്ദേട്ടന്റെ മരണത്തിനുത്തരവാദികളായവരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും എംപി പറഞ്ഞു. മുന്‍ എംഎല്‍എ ടി.വി. ചന്ദ്രമോഹന്, ഡിസിസി ജനറല്‍ സെക്രട്ടറി സജീവന് കുരിയച്ചിറ, ഡിസിസി സെക്രട്ടറിമാരായ സതീഷ് വിമലന്, ആന്റോ പെരുമ്പിള്ളി, പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, കോണ്‍ഗ്രസ് നേതാക്കളായ എം.ആര്. ഷാജു, റോയ് ജോസ് പൊറത്തൂക്കാരന്‍, സത്യന് നാട്ടുവള്ളി എന്നിവര്‍ എംപിയോടൊപ്പമുണ്ടായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ല, ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണം കെ. മുരളീധരന് എംപി
ഇരിങ്ങാലക്കുട: ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല, ഒന്നുകില്‍ ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ മുകുന്ദന്റെ മരണത്തില്‍ ഉണ്ടാകണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് പറഞ്ഞു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. ക്രൈംബ്രാഞ്ച് മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പാണ്. മുഖ്യമന്ത്രി പറയുന്നതുപോലെയാണ് ക്രൈംബ്രാഞ്ച് എഴുതുന്നത്. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി പറയുന്നതിന്റെ ഒരിഞ്ച് മുന്നോട്ടു നീങ്ങില്ല. അതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പറയുന്നത്. മുകുന്ദന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എംപി. കേരളത്തിലെ ബ്ലേഡ് മാഫിയയേക്കാള്‍ ഭീകരമായ പ്രവര്‍ത്തനമാണ് ഈ ബാങ്കിന്റെ ഭരണസമിതിയും അതിന് ചുക്കാന്‍ പിടിക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും സ്വീകരിച്ചിരിക്കുന്നത്. ഒരു സഹകരണ സ്ഥാപനത്തെ എങ്ങനെ നശിപ്പിക്കാമെന്നുള്ള പ്രവര്‍ത്തനമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തിയത്. എത്രയോ സാധാരണക്കാരെ സഹായിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ അഭിമാനമായിരുന്നു സഹകരണമേഖല. അതിന് ഒരു ദുഷ്പേര് കരുവന്നൂര്‍ ബാങ്ക് ഉണ്ടാക്കി. 16 സെന്റ് സ്ഥലത്തിന് 80 ലക്ഷവും അതിന്റെ പലിശയും. ഇത് ബ്ലേഡ് കമ്പനിക്കാര് പോലും ചെയ്യാത്ത പ്രവര്‍ത്തിയാണ്. അതിനെ കരുവന്നൂര്‍ ബാങ്ക് കവച്ചുവെച്ചിരിക്കുകയാണ്. കേന്ദ്രം പുതിയൊരു സഹകരണ നിയമം കൊണ്ടുവരുന്നതിനെ എതിര്‍ക്കുന്നവരാണ് ഞങ്ങള്‍. കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് സഹകരണനിയമത്തിനെ എതിര്‍ക്കുമ്പോള്‍ ഇതുപോലെയുള്ള തട്ടിപ്പുകള്‍ ചൂണ്ടിക്കാണിക്കാനുള്ള ഒരവസരമാണ് ഇവിടുത്തെ മാര്‍ക്സിസ്റ്റുകാര്‍ കേന്ദ്രസര്ക്കാരിനുണ്ടാക്കികൊടുത്തത്. അതുകൊണ്ട് മുകുന്ദന്റെ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും അവരെ സഹായിച്ച പാര്‍ട്ടിക്കാരും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതുവരെ കോണ്‍ഗ്രസ് ശക്തമായി പോരാടും.