മാലിന്യങ്ങള്‍ ഷണ്മുഖം കനാലില്‍: പടിയൂര്‍ പ്രദേശവാസികള്‍ ദുരിതത്തില്‍
പടിയൂര്‍: എടതിരിഞ്ഞി പാപ്പാത്തുമുറി റെസിഡന്‍സ് അസോസിയേഷന് നിവേദനം നല്കി. ഇരിങ്ങാലക്കുട ഭാഗത്തു നിന്നും പൂമംഗലം ഭാഗത്തു നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും മറ്റു പല തരത്തിലുള്ള മാലിന്യങ്ങളും ഒഴുകി ഷണ്മുഖം കനാലില്‍ പാപ്പാത്തുമുറി ഷണ്മുഖം കനാല്‍ പാലത്തിനു താഴെ അടിഞ്ഞു കൂടുകയും അതുമൂലം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് നിവേദനത്തില്‍ പറയുന്നത്. കനാല്‍ വൃത്തിയായി സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ ഇരിങ്ങാലക്കുട, പൂമംഗലം, പടിയൂര്‍ പഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എടുക്കേണ്ടതാണ്. ഇരിങ്ങാലക്കുടയില്‍ നിന്നും പൂമംഗലം പ്രദേശങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ എത്തിചേരുന്നത് പടിയൂര്‍ പഞ്ചായത്ത് പ്രദേശത്തേക്കാണ്. നിലവില്‍ കുളവാഴയും ചണ്ടിയും നീക്കം ചെയ്യുന്ന സമയത്ത് ലഭ്യമാകുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടിയാണ്. മാസങ്ങള്‍ക്കു മുമ്പ് ഈ കനാലിലെ വെള്ളം കറുത്ത നിറത്തിലായിരുന്നു. ഈ വിഷയത്തില്‍ അന്നുതന്നെ വെള്ളം ലാബില്‍ ടെസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഏകദേശം ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് പടിയൂര്‍ ഗ്രാമപഞ്ചായത്ത് ഇരിങ്ങാലക്കുടയില്‍ നിന്ന് മാലിന്യങ്ങള്‍ ഷണ്മുഖം കനാലില്‍ ഒഴുക്കരുത് എന്ന പ്രമേയം പാസാക്കിയിരുന്നു. വീണ്ടും വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ഷണ്മുഖം കനാലിലെ പ്രശ്നങ്ങള്‍ക്കു പരിഹാരമായിട്ടില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലഘട്ടത്തില്‍ ഷണ്മുഖം കനാലില്‍ പടിയൂര്‍ പൂമംഗലം അതിര്‍ത്തിയില്‍ കുളവാഴയും ചണ്ടിയും പ്ലാസ്റ്റിക് മാലിന്യങ്ങളും മാത്രമായി തടയാനുള്ള നെറ്റ് സംവിധാനത്തെ കുറിച്ച് ചര്‍ച്ച നടന്നിരുന്നു. ഇരിങ്ങാലക്കുടയില്‍ നിന്നും പൂമംഗലത്തു നിന്നുമുള്ള മാലിന്യങ്ങള്‍ പടിയൂരിന്റെ പ്രദേശങ്ങളിലേക്ക് ഒഴുകി വന്ന് കനാലില്‍ അടിഞ്ഞുകൂടുന്ന അവസ്ഥ ഉണ്ടാകരുതെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. പ്രദേശവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നതിനാല്‍ അനുയോജ്യമായ നടപടികള്‍ എത്രയും പെട്ടെന്ന് പടിയൂര്‍ ഗ്രാമപഞ്ചായത്തും ബന്ധപ്പെട്ട മറ്റു അധികാരികളും എടുക്കണമെന്നും എടതിരിഞ്ഞി പാപ്പാത്തുമുറി റെസിഡന്‍സ് അസോസിയേഷന് സെക്രട്ടറി വിനോദ് കീഴായില്‍ അറുമുഖന് ആവശ്യപ്പെട്ടു.