സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം ; കടന്നുകയറ്റമുണ്ടായാൽ അടിച്ചു നിരപ്പാക്കാൻ നിർദ്ദേശം
ന്യൂഡൽഹി : വിവിധ സൈനിക മേധാവികൾക്കൊപ്പമുള്ള പ്രതിരോധമന്ത്രിയുടെ യോഗം അവസാനിച്ചു. ചൈനയുടെ ഏത് കടന്നുകയറ്റത്തോടും ശക്തമായി തന്നെ പ്രതികരിക്കാൻ സൈന്യത്തിന് നിർദ്ദേശം നൽകി. അതിർത്തി സംരക്ഷിക്കാൻ ആവശ്യമായ ഏത് നടപടികൾക്കും സൈന്യത്തിന് കേന്ദ്രം പൂർണ സ്വാതന്ത്ര്യം നൽകിയതായാണ് റിപ്പോർട്ട്. അതിർത്തി സുരക്ഷ പാരാ സൈനിക വിഭാഗത്തിൽ നിന്ന് നേരിട്ട് ഇന്ത്യൻ സൈന്യം ഏറ്റെടുത്തു.
യുദ്ധം വേണ്ടി വന്നാൽ അതിനും പൂർണ സജ്ജരാകാൻ സൈന്യത്തോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യ സൈനിക മേധാവി ബിപിൻ റാവത്തിനൊപ്പം കര, നാവിക , വ്യോമസേന തലവന്മാരും പ്രതിരോധ മന്ത്രിയുമായുള്ള യോഗത്തിൽ പങ്കെടുത്തു. കര നാവിക വ്യോമ മേഖലകളിൽ ജാഗ്രതയോടെ ചൈനയുടെ പ്രവർത്തനങ്ങളെ വീക്ഷിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആയുധമെടുക്കാൻ പാടില്ല എന്ന തീരുമാനം ഇന്നലെ ഒഴിവാക്കിയ ഇന്ത്യ ആവശ്യം വന്നാൽ തോക്കെടുക്കാൻ സൈന്യത്തിന് ഇന്നലെ അനുവാദം നൽകിയിരുന്നു.
ലഡാക്കിലെ സംഘർഷത്തിനു ശേഷം ശക്തമായ ഭാഷയിലാണ് ഇന്ത്യ ചൈനക്ക് മറുപടി നൽകുന്നത്. ഗാൽവൻ തങ്ങളുടെ പ്രദേശമാണെന്ന ചൈനയുടെ അവകാശവാദത്തെ അസംബന്ധമെന്ന് വിശേഷിപ്പിച്ച ഇന്ത്യ ചരിത്രപരമായിത്തന്നെ ഇന്ത്യയുടെ ഭാഗമായ പ്രദേശത്താണ് ചൈന അവകാശവാദമുന്നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി