ജെ.ബി. കോശി കമ്മീഷന് നിവേദനങ്ങള്‍ കൈമാറി ഇരിങ്ങാലക്കുട രൂപത
കൈമാറിയത് 1,76,510 നിവേദനങ്ങള്‍
ഇരിങ്ങാലക്കുട: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജെ.ബി. കോശി കമ്മീഷനു മുമ്പാകെ 1,76,510 നിവേദനങ്ങള്‍ കൈമാറി ഇരിങ്ങാലക്കുട രൂപത. ന്യൂനപക്ഷക്ഷേമം, സാമ്പത്തിക പിന്നോക്കാവസ്ഥ, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ മത ന്യൂനപക്ഷം എന്ന രീതിയില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് പ്രധാനമായും നിവേദനത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ നിര്‍ദേശപ്രകാരം രൂപതയിലെ വിവിധ ഇടവകകള്‍, സന്യാസിനി സമൂഹങ്ങള്‍ ഭക്തസംഘടനകള്‍, സ്ഥാപങ്ങള്‍, മതബോധനം എന്നിവയുടെ നേതൃത്വത്തിലാണ് നിവേദനങ്ങള്‍ കമ്മീഷനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കമ്മീഷന് സെക്രട്ടറി റിട്ട. ജില്ലാ ജഡ്ജി സി.വി. ഫ്രാന്‍സിസിനു പാലാരിവട്ടത്തുള്ള ജെ.ബി. കോശി കമ്മീഷന് ഓഫീസില്‍ വെച്ചാണു നിവേദനങ്ങള്‍ നേരിട്ടു കൈമാറിയത്. ഇതിനു പുറമെ ധാരാളം പരാതികള്‍ ഇ-മെയില്‍ വഴിയായും അയച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര, രൂപതാ പബ്ലിക് അഫയേഴ്സ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജിനോ മാളക്കാരന്‍, മതബോധന ഡയറക്ടര്‍ ഫാ. റിജോയ് പഴയാറ്റില്‍, ന്യൂനപക്ഷ അവകാശ സമിതി ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആല്ബിന് പുന്നേലിപറമ്പില്‍, പ്രസിഡന്റ് അഡ്വ. ജോര്‍ഫിന്‍ പെട്ട, ഫാ. ആന്റോ വട്ടോലി, ഫാ. ടിന്റോ ഞാറേക്കാടന്‍ എന്നിവര്‍ നിവേദനങ്ങള്‍ തയാറാക്കുന്നതിനും സമര്‍പ്പിക്കുന്നതിനും നേതൃത്വം നല്കി.