കൊതുകുവളര്ത്തലിനു സഹായമായി നഗരസഭയുടെ സംഭരണികളായിരുന്ന സിന്തറ്റിക്സ് ടാങ്കുകള്‍
കൊറോണയടക്കമുള്ള പകര്‍ച്ചവ്യാധിയുടെ നിരക്ക് അനുദിനം വര്‍ധിക്കുന്നു…..
പകര്‍ച്ചവ്യാധി തടയാന്‍; ഒരു ഭാഗത്ത് കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍……മറുഭാഗത്ത് കൊതുകുവളര്ത്തലിനു സഹായമായി നഗരസഭയുടെ സംഭരണികളായിരുന്ന സിന്തറ്റിക്സ് ടാങ്കുകള്‍.
ഇരിങ്ങലക്കുട: നഗരസഭയുടെ രാജീവ്ഗാന്ധി ടൗണ്‍ഹാള്‍ കോമ്പൗണ്ടിലെ മഴവെള്ള സംഭരണികളായ നാലു സിന്തറ്റിക്സ് ടാങ്കുകള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറി. ഈ ടാങ്കുകളില്‍ നിറഞ്ഞുകിടക്കുന്ന മഴവെള്ളത്തില്‍ കൊതുകിന്റെ പ്രജനനം ആരംഭിച്ചിട്ടുണ്ട്. നഗരസഭയുടെ നേതൃത്വത്തില്‍ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഒരുഭാഗത്ത് കാര്യക്ഷമമായി നടക്കുമ്പോഴാണു നഗരസഭയുടെ കോമ്പൗണ്ടില്‍ തന്നെ ഈ കൊതുകു വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നഗരസഭയുടെ കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ പ്രഹസനങ്ങളാണെന്ന് ഇതു വ്യക്തമാക്കുകയാണ്. 5000 ലിറ്റര്‍ മുതല്‍ 10,000 ലിറ്റര്‍ വരെ വെള്ളം സംഭരിക്കാവുന്ന ടാങ്കുകളാണ് ഇത്. പകര്‍ച്ചവ്യാധികളെ ചെറുക്കാന്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് പറയുന്നവരുടെ കണ്മുന്നിലാണു മഴവെള്ള സംഭരണികളായിരുന്ന ടാങ്കുകളില്‍ കൊതുക് പ്രജനനം. വീട്ടുപറമ്പിലുള്ള ചിരട്ടകളില്‍ പോലും വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ കമഴ്ത്തിയിടണമെന്നു പറയുന്നവരാണു സിന്തറ്റിക്സ് ടാങ്കില്‍ വെള്ളം കെട്ടിക്കിടക്കുന്നതും കൊതുക് വളരാനുള്ള സാഹചര്യവും കണ്ടില്ലെന്നു നടിക്കുന്നത്. മൂടിയില്ലാത്ത ഈ ടാങ്കുകളില്‍ വെള്ളത്തോടൊപ്പം മാലിന്യവും ഉണ്ട്. കൊതുകു നിര്‍മാര്‍ജനത്തിനുള്ള നിര്‍ദേശങ്ങളും ബോധവത്കരണങ്ങളും മുറയ്ക്കു നടക്കുന്നുണ്ടെന്നു പറയുമ്പോഴും ടൗണ്‍ഹാള്‍, മാര്‍ക്കറ്റ്, ബസ് സ്റ്റാന്‍ഡ് തുടങ്ങി നഗരത്തിലെ പല കെട്ടിടങ്ങളുടെ ടെറസുകളിലും പറമ്പുകളിലും കൊതുകു പ്രജനനത്തിനു സഹായകമാകുന്ന തരത്തിലുള്ള വെള്ളക്കെട്ടുകള്‍ പതിവാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു. നഗരത്തിലെ സര്‍ക്കാരിന്റേതടക്കമുള്ള കെട്ടിടങ്ങളില്‍ മഴക്കാലപൂര്‍വ ശുചീകരണങ്ങളില്ലാത്തതിനാല് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. അതാത് കെട്ടിടങ്ങളുമായി ബന്ധപ്പെടുന്നവര്‍ തന്നെ മുന്‍കൈ എടുത്താല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ നടപ്പാവാറില്ല. ഇതു പകര്‍ച്ചവ്യാധികളും ഗുരുതരരോഗങ്ങളും പകരാന്‍ സാധ്യതയേറെയാണെന്നു ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. നഗരവാസികളില്‍ കൊറോണയടക്കമുള്ള പകര്‍ച്ചവ്യാധിയുടെ നിരക്ക് അനുദിനം പെരുകുമ്പോഴാണ് ആരോഗ്യവകുപ്പിന്റെ നടപടികള്‍ വാക്കുകളില്‍ മാത്രമായൊതുങ്ങുന്നത്.