കാടല്ല ഇത്, കുളമാണ്…… പുല്ലും പായലും നാറ്റവുമുണ്ട് ഇവിടെ…….
കോതറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കായുള്ള കുളം നശിക്കുന്നു
പടിയൂർ: പുല്ലും പായലും വ്യാപിച്ച് കോതറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കായുള്ള കുളം നശിക്കുന്നു. പടിയൂർ പഞ്ചായത്തിലെ ചെട്ടിയാൽ മുതൽ കോതറ വരെയുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലേക്കു വെള്ളം പമ്പു ചെയ്യുന്നതിനാണ് ഈ പദ്ധതി പണികഴിച്ചിട്ടുള്ളത്. മഴ അവസാനിക്കുമ്പോൾ ഡിസംബർ മാസം മുതൽ ഏപ്രിൽ മാസം വരെയാണു സ്ഥിരമായി വെള്ളം പമ്പ് ചെയ്യുക. 57,23,000 രൂപ ചെലവഴിച്ച് ഈ പദ്ധതിയുടെ ഉദ്ഘാടനം 2019 ജനുവരി 27 നായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് പണികഴിപ്പിച്ചത്. കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറായിരുന്നു ഉദ്ഘാടകൻ. റോഡിന്റെ ഒരു വശത്തുകൂടി മാത്രമേ സർക്കാർ പൈപ്പിടാൻ പണം പാസാക്കിയുള്ളൂവെങ്കിലും പിന്നീട് രണ്ടു വശങ്ങളിലും പൈപ്പിട്ട് കൃഷിയിടങ്ങളിലേക്കു വെള്ളം എത്തിക്കുകയായിരുന്നു. ഇത് കർകർക്കു വളരെ ആശ്വാസകരമായിരുന്നു. എന്നാൽ പിന്നീട് അധികൃതരുടെ അനാസ്ഥയാൽ ഈ പദ്ധതിയുടെ അവസ്ഥ വളരെ ശോചനീയമാണ്. സമയാസമയങ്ങളിൽ വൃത്തിയാക്കാത്തതിനാലാണ് കുളത്തിൽ പായലും പുല്ലും നിറയുന്നത്. ചുറ്റുമതിൽ പോലുമില്ലാത്തതിനാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളാനും സാധ്യതയേറെയാണ്. നിലവിൽ നിറയെ പുല്ലും പായലുമെല്ലാം നിറഞ്ഞ് വെള്ളം കാണാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. ഇക്കാര്യത്തിൽ അധികൃതരുടെ ശ്രദ്ധ ഉണ്ടാകണമെന്നാണ് ഉയർന്നുവന്നിരിക്കുന്ന ആവശ്യം.