മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ കീഴില്‍ സഹകരണ പരിശീലന കേന്ദ്രം
സഹകരണമേഖലയില്‍ കടന്നു കൂടിയ തെറ്റായ ചില പ്രവണതകള്‍ ആശങ്കാജനകം-മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ സമാനതകളില്ലാത്ത മാതൃക ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച കേരളത്തിലെ സഹകരണ മേഖലയില്‍ തെറ്റായ പ്രവണതകള്‍ കടന്നു കൂടിയത് ആശങ്കാജനകമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. ഇരിങ്ങാലക്കുടയില്‍ നിന്നു തന്നെ ഉണ്ടായി എന്നതു വ്യസനപ്പിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു. ജനകീയപ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന അപഭ്രംശങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്നും സത്യസന്ധമായ പ്രവര്‍ത്തനങ്ങളിലൂടെ സഹകരണ മേഖലയുടെ ഖ്യാതി വീണ്ടെടുക്കാനും തിളക്കം വര്‍ധിപ്പിക്കാനും കഴിയണമെന്നും മന്ത്രി പറഞ്ഞു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കോ-ഈഡന് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വനിതാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും അഭ്യസ്തവിദ്യരായ യുവാക്കളെ പരിശീലങ്ങളിലൂടെ തൊഴില്‍ദായകരാക്കി മാറ്റാനും സഹകരണ മേഖലക്കു കഴിയണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, വനിതാ ഫെഡ് സംസ്ഥാന അധ്യക്ഷ അഡ്വ. കെ.ആര്. വിജയ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ടി.കെ. ലളിതാംബിക, വാര്‍ഡ് കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, യൂണിയന് ഭരണസമിതി അംഗം ലളിത ചന്ദ്രശേഖരന്, സെക്രട്ടറി കെ.ബി. ഗ്ലോറിമോള് എന്നിവര്‍ പ്രസംഗിച്ചു.