പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി
നവീകരണ പ്രവര്‍ത്തനങ്ങള്‍ 34 ലക്ഷം രൂപ ചെലവില്‍; 2022 മാര്‍ച്ചില്‍ പണികള്‍ പൂര്‍ത്തീകരിക്കുമെന്നു പ്രഖ്യാപനം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എം. സുഗീത, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, കെ.ജി. സുരേഷ്, പ്രേമരാജന്‍, പടിഞ്ഞാറേ ഗോപുരം നവീകരണ സമിതി പ്രസിഡന്റ് അയ്യപ്പന് പണിക്കവീട്ടില്‍, സെക്രട്ടറി മനോജ് കല്ലിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍ സന്തോഷ് ബോബന്, സമിതി ഭാരവാഹികളായ നളിന്‍ ബാബു എസ്. മേനോന്, എന്‍. വിശ്വനാഥമേനോന്, ചന്ദ്രമോഹന് മേനോന്, കെ. കൃഷ്ണദാസ്, കൃഷ്ണകുമാര്‍ കണ്ണമ്പിള്ളി, കെ.എന്‍. മേനോന്, വി.പി. രാമചന്ദ്രന്, പി.എസ്. ജയശങ്കര്‍, ക്ഷേത്രം മാനേജര്‍ രാജി സുരേഷ്, ജീവനക്കാര്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവീകരണ പ്രവര്‍ത്തന ഫണ്ടിലേക്കു വി.പി.ആര്. മേനോന്, തുഷാര്‍ മേനോന്, ഇ.എസ്.ആര്. മേനോന് എന്നിവര്‍ ചടങ്ങില്‍ വെച്ചു സംഭാവനകള്‍ നല്കി. ഭക്തജനങ്ങളുടെ കൂട്ടായ്മയായ പടിഞ്ഞാറേ ഗോപുരം നവീകരണ സമിതിയുടെ നേതൃത്വത്തിലാണു നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 34 ലക്ഷം രൂപ ചെലവിലാണു പടിഞ്ഞാറേ ഗോപുരം നവീകരിക്കുന്നത്. പാരമ്പര്യ വാസ്തു വിദഗ്ധനായ പഴങ്ങാപറമ്പ് ഉണ്ണികൃഷ്ണന് നമ്പൂതിരിയാണു നവീകരണ പ്രവര്‍ത്തനങ്ങളുടെ കണ്‍സള്‍ട്ടന്റ്. 2022 മാര്‍ച്ച് 31 നകം പണി പൂര്‍ത്തീകരിച്ചു ഗോപുരം സമര്‍പ്പിക്കാനാണു പദ്ധതി.