ഒളിവിലുള്ള പ്രതിയുടെ മകളുടെ വിവാഹ സത്കാരത്തില്‍ മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ മുന്‍ ഡയറക്ടര്‍ ബോര്‍ഡംഗം അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ സത്കാരത്തില്‍ പങ്കെടുത്ത് മന്ത്രി. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവാണു വിവാഹ സത്കാരത്തില്‍ പങ്കെടുത്തത്. അമ്പിളി മഹേഷിന്റെ മകള്‍ മായയും ശരത്തും തമ്മിലുള്ള വിവാഹം ഒക്ടോബര്‍ 24 നു കുഴിക്കാട്ടുക്കോണത്തു വെച്ചാണ് നടന്നത്. സത്കാര ചടങ്ങില്‍ വധൂവരന്മാരോടൊപ്പം ഫോട്ടോ എടുക്കുകയും അവരോടൊന്നിച്ചു ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. വായ്പ്പാ തട്ടിപ്പ് കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്ന അമ്പിളി മഹേഷ് മകളുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നഗരസഭ വാര്‍ഡ് 10 ലെ ആശാ വര്ക്കറുംകൂടിയാണ് അമ്പിളി. ഒളിവില്‍ കഴിയുന്നതിനാല്‍ മാസങ്ങളായി ആശാ വര്‍ക്കറുടെ സേവനം ഈ വാര്‍ഡില്‍ ലഭ്യമല്ല. വാര്‍ഡിലെ കുട്ടികളുടെയും ഗര്‍ഭിണികളുടെയും കുത്തിവെയ്പ്പുകള്‍, പ്രതിരോധ മരുന്നു വിതരണം, കോവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം താറുമാറായതായി വാര്‍ഡ് നിവാസികള്‍ ആരോപിച്ചു. സിപിഎം പ്രവര്‍ത്തകയായ ആശാ വര്‍ക്കറെ, വാര്‍ഡ് ഭരണം നടത്തുന്ന സിപിഎമ്മിന്റെ കൗണ്‍സിലറും സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായിട്ടുള്ള മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും അകമഴിഞ്ഞു സഹായിക്കുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് വാര്‍ഡിലെ ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് മുന്‍ ഡയറക്ടര്‍മാരായ ഒമ്പതു പേര് അറസ്റ്റിലായിട്ടുണ്ട്. അമ്പിളി മഹേഷ്, മിനി നന്ദനന്‍ എന്നിവരാണ് ഇനി അറസ്റ്റിലാകാനുള്ള മുന്‍ ബാങ്ക് ഡയറക്ടര്‍മാര്‍. മുഖ്യ പ്രതികളിലൊരാളായ ഇടനിലക്കാരന് കിരണ്‍ അറസ്റ്റിലാകാനുണ്ട്. ഇയാളും ഒളിവിലാണ്.