ക്രൈസ്റ്റ് കോളജില്‍ ജല ഗുണനിലവാര പരിശോധനാ ലാബ് സജ്ജമായി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ജലത്തിന്റെ 21 ഗുണനിലവാര ഘടകങ്ങള്‍ പരിശോധിക്കാവുന്ന പരീക്ഷണശാല ഒരുങ്ങി. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വ്യാവസായികാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം പൊതുജനങ്ങള്‍ക്ക് ഇവിടെ പരിശോധിച്ചു കൊടുക്കപ്പെടും. ക്രൈസ്റ്റ് അക്വാ റിസര്‍ച്ച് ലാബ് എന്നു നാമകരണം ചെയ്യപ്പെട്ട ലാബില്‍ ജലത്തിന്റെ പ്രധാനപ്പെട്ട ഭൗതികരാസജൈവ ഘടകങ്ങള്‍ എല്ലാം പരിശോധിക്കാനുള്ള സൗകര്യങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിന്റെ സുരക്ഷിതത്വം, ജലത്തില്‍ അടങ്ങിയിട്ടുള്ള മാലിന്യങ്ങളുടെ തോത് എന്നിവ അറിയാന്‍ ലാബിലെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങളും ലാബിലെ ഗവേഷകര്‍ നല്കുമെന്നു കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ പറഞ്ഞു. ജലത്തിന്റെ നിറം, കലക്കം, വൈദ്യുതീവാഹകശക്തി, പിഎച്ച്, ഘനപദാര്ഥങ്ങളുടെ അളവ്, അമ്ലത്വം, ക്ഷാരാംശം, കാഠിന്യം, കാത്സ്യം, മഗ്നീഷ്യം, ക്ലോറൈഡ്, ഫ്ളൂറൈഡ്, സള്‍ഫൈഡ്, നൈട്രേറ്റ്, ഇരുമ്പ്, കോളിഫോം എന്നിവയാണു പരിശോധിച്ചു കൊടുക്കപ്പെടുന്ന പ്രധാന ഘടകങ്ങള്‍. ജല സാമ്പിളുകള്‍ ലാബില്‍ നേരിട്ടോ കോളജിന്റെ ഭൂഗര്‍ഭശാസ്ത്ര പരിസ്ഥിതിശാസ്ത്ര വിഭാഗത്തിലോ ഏല്‍പ്പിക്കാവുന്നതാണ്.