തീഷ്ണ സമരപാതയിലുടെ അതിജീവിച്ച പാര്‍ട്ടിയാണു കമ്യൂണിസ്റ്റ് പാര്‍ട്ടി
ഇരിങ്ങാലക്കുട: വൈദേശികാധിപത്യത്തിനും ജന്മി നാടുവാഴിത്തത്തിനും മുതലാളിത്തത്തിനും എതിരായ തീഷ്ണ സമര പാതയിലുടെയാണു പിന്നിട്ട 96 വര്‍ഷങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കടന്നു വന്നതെന്നു സിപിഐ സംസ്ഥാന എസിക്യൂട്ടീവ് അംഗം സി.എന്‍. ജയദേവന് അഭിപ്രായപ്പെട്ടു. ദുരിതവും പട്ടിണിയും പരവശരാക്കിയ മര്‍ദ്ദിത ജനകോടികളുടെ ആവേശവും പ്രതീക്ഷയുമായ പാര്‍ട്ടിക്കു നിരവധി പരീക്ഷണങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ തെറ്റുകള്‍ സംഭവിച്ച സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. എങ്കിലും സ്വയം വിമര്‍ശനപരമായി വിലയിരുത്തി തിരുത്താന്‍ പാര്‍ട്ടിക്കു കഴിഞ്ഞിട്ടുമുണ്ട്. ഭിന്നിപ്പിന്റെ പ്രത്യയ ശാസ്ത്രത്തിനെതിരെ പാര്‍ട്ടി സ്വീകരിച്ച നിലപാടാണു ശരിയെന്നു കാലം തെളിയിച്ചുവെന്നും ജയദേവന് ചുണ്ടിക്കാട്ടി. സിപിഐ 97-ാം വാര്‍ഷികത്തിന്റെ ഭാഗമായി പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട മണ്ഡലം വിദ്യഭ്യാസ വാരാചരണത്തിന്റെ ഭാഗമായി കരുവന്നൂര്‍ കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സംഗമത്തില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അല്‍ഫോന്‍സ തോമസ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, പി.വി. രാജന്, രാജി കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.