കടല്‍ കടന്നെത്തിയ പ്രണയത്തിന് ഇരിങ്ങാലക്കുടയില്‍ മിന്നു ചാര്‍ത്ത്
ജനിച്ചത് പോര്‍ച്ചുഗലില്‍, മലയാളിയായി ജീവിച്ചു
ഇരിങ്ങാലക്കുട: കേരളത്തെ സ്നേഹിച്ചു കടല്‍ കടന്നെത്തിയ റിച്ചി എന്ന പോര്ച്ചുഗീസുകാരന് മിന്നു ചാര്‍ത്തിയതു ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നും. ഇന്ത്യന്‍ പൗരത്വമില്ല, എന്നാല്‍ ഇപ്പോള്‍ കേരളത്തിലാണു താമസം. മലയാളം സംസാരിക്കാനും എഴുതാനും പഠിച്ചു. ഇതിനെല്ലാം പുറമെ തനി മലയാളിയായി ജീവിക്കുകയാണ് ഈ നാല്പതുകാരന്. അമ്മയും സഹോദരിയുമുണ്ട്. എല്ലാവര്ക്കും പോര്‍ച്ചുഗല്‍ പൗരത്വമാണ്. ആറു വ്യത്യസ്ത ഭാഷകള്‍ പഠിച്ചു. ബ്രോഡ്കാസ്റ്റ് കമ്പനിയിലാണു ജോലി. കേരളത്തെ ഏറെ ഇഷ്ടപ്പെട്ട റിച്ചി ഇന്നലെ മലയാളി പെണ്‍കുട്ടിയെ മിന്നു ചാര്‍ത്തി. ഇന്നലെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ വെച്ചായിരുന്നു റിച്ചിയും ഇരിങ്ങാലക്കുട സ്വദേശിനി അനീറ്റ ആന്റോയും തമ്മിലുള്ള വിവാഹം. വിവാഹത്തിന് റിച്ചിയുടെ ബന്ധുക്കളും എത്തിയിരുന്നു. തൃശൂരിലാണ് റിച്ചി ഇപ്പോള്‍ താമസിക്കുന്നത്. സഹപ്രവര്‍ത്തകന്റെ ബന്ധുവാണ് അനീറ്റ. അങ്ങനെയാണു വിവാഹ ആലോചന വന്നത്. 10 വര്‍ഷങ്ങള്‍ക്കു മുമ്പാണു റിച്ചി ആദ്യമായി കേരളത്തിലെത്തുന്നത്. മലയാളി സുഹൃത്തുക്കള്‍ നാടിനെ പറ്റി പറയുന്ന വിശേഷങ്ങള്‍ കേട്ടു കൊതിച്ചൊരു യാത്രയായിരുന്നു അത്. അതില്‍ പിന്നെ ഒരു വട്ടം പോലും മുടങ്ങാതെ എല്ലാ വര്‍ഷവും അവധിയെടുത്തു കേരളത്തിലെത്തി. ടൂറിസ്റ്റ് വീസയില്‍ ഇടക്കിടെ കേരളത്തില്‍ വരാറുമുണ്ട്. കേരളം വല്ലാതെ ഇഷ്ടപ്പെട്ടു. മലയാളി പെണ്‍കുട്ടിയുടെ വിവാഹ ആലോചന വന്നപ്പോള്‍ അതുകൊണ്ടു തന്നെ ഉറപ്പിച്ചു. കേരളത്തില്‍ വന്ന ശേഷം മുണ്ട് ഉടുക്കാനും പഠിച്ചു. മലയാളം പറയാനും പഠിച്ചു. ലണ്ടനിലെ സ്കൈ ടിവി എന്ന മാധ്യമ സ്ഥാപനത്തിലാണു റിച്ചിക്കു ജോലി. കേരളത്തിന്റെ തെക്കു മുതല്‍ വടക്കു വരെ നിറയെ സുഹൃത്തുക്കള്‍ റിച്ചിക്കുണ്ട്. മലയാളം പഠിപ്പിച്ചതു ലണ്ടനിലുള്ള മലയാളി സുഹൃത്തുക്കളാണ്. വാക്കുകള്‍ പല ആവര്‍ത്തി പറഞ്ഞു പഠിച്ചും തന്റെ ഡയറിയില്‍ കുറിച്ചും മലയാളത്തെ വരുതിയിലാക്കി. ഉച്ചാരണം മെച്ചപ്പെടുത്താന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കാനാണു റിച്ചിയുടെ ആഗ്രഹം.