കൂടല്‍മാണിക്യം ദേവസ്വം ഒരേക്കറില്‍ കൃഷിയൊരുക്കുന്നു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വം കാടുകയറിയ ഭൂമി നന്നാക്കി കൃഷിക്കൊരുങ്ങുന്നു. കളത്തിപ്പറമ്പിലെ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലത്താണു പദ്ധതി. സ്ഥലത്തു 50 തെങ്ങിന് തൈകള്‍ നടാനും പറമ്പിലെ കുളം വൃത്തിയാക്കി താമര കൃഷി ചെയ്യാനുമാണു തീരുമാനം. ഇതിന്റെ ഭാഗമായി കുളം വൃത്തിയാക്കുന്ന ജോലികള്‍ ആരംഭിച്ചു. എന്‍എസ്എസിനും ദേവസ്വത്തിനുമായി ഒരേക്കര്‍ വീതം ഇഷ്ടദാനമായി നല്കിയ സ്ഥലത്തു സ്കൂള്‍ നടത്തിവരുകയായിരുന്നു. എന്‍എസ്എസ് പുതിയ സ്കൂള്‍ ആരംഭിച്ചു. എന്നാല്‍ ദേവസ്വം സ്ഥലത്തു പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ നിര്‍ത്തിപ്പോയെങ്കിലും അത് ഏറ്റെടുക്കാനോ മറ്റേതെങ്കിലും പദ്ധതി ആരംഭിക്കാനോ ദേവസ്വം തയ്യാറായിരുന്നില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണു ദേവസ്വം സ്ഥലം ഏറ്റെടുത്തു പദ്ധതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഉത്സവത്തിനു മുന്നോടിയായി ഈ സ്ഥലത്തു വിഷരഹിത പച്ചക്കറി പദ്ധതി ആരംഭിക്കുമെന്നും ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു.