മൃഗസംരക്ഷണമേഖലയില്‍ പുതിയ കാല്‍വെപ്പുമായി കുടുംബശ്രീ; ജില്ലയില്‍ അഞ്ചു വര്‍ഷത്തെ പദ്ധതി നടപ്പിലാക്കുന്നത് ഇരിങ്ങാലക്കുട, ചാലക്കുടി ബ്ലോക്കുകളില്‍
ഇരിങ്ങാലക്കുട: മൃഗസംരക്ഷണമേഖലയിലെ ഉപജീവന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും കൈകോര്‍ത്തുള്ള സംരംഭകത്വ പദ്ധതിക്കു തുടക്കമായി. അടുത്ത അഞ്ചു വര്‍ഷത്തേക്കു മൃഗസംരക്ഷണ മേഖലയില്‍ നൂതന പ്രാദേശിക മാതൃകകള്‍ വികസിപ്പിക്കുക, സ്ഥായിയായ തൊഴിലും വരുമാനവും ഉറപ്പാക്കുക എന്നിവയാണു പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. ജില്ലയില്‍ ഇരിങ്ങാലക്കുട, ചാലക്കുടി ബ്ലോക്കുകളെയാണു കുടുംബശ്രീ പദ്ധതിക്കായി ഇന്റന്‍സീവ് ബ്ലോക്കുകളായി തെരഞ്ഞെടുത്തിരിക്കുന്നത്. ബ്ലോക്കിലെ നാലു പഞ്ചായത്തുകളില്‍ നിന്നു 18 നും 45 നും ഇടയില്‍ പ്രായമുള്ള 25 സംരംഭകരെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി നടത്തുന്ന പരിശീലന ക്യാമ്പില്‍ മൃഗസംരക്ഷണം കൂടാതെ തൊഴിലുറപ്പ്, ക്ഷീരവികസനം, ബാങ്ക്, കുടുംബശ്രീ, വ്യവസായം തുടങ്ങിയ വിഷയങ്ങളില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംരംഭകരുമായി സംവദിക്കും. കുടുംബശ്രീ അംഗീകൃത പരിശീലന സ്ഥാപനമായ ആലപ്പുഴ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന എക്സ്ത് ആണ് പരിശീലന പരിപാടിക്കു നേതൃത്വം നല്‍കുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ്് ലളിത ബാലന് മൂന്നു ദിവസത്തെ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം കവിത സുനില്‍കുമാര്‍, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, കാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ സുനിത രവി, സരിത തിലകന്, ഡാലിയ പ്രദീപ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.