വൈദികര്‍ പിപിഇ കിറ്റ് ധരിച്ച് പ്രാര്‍ഥന ചൊല്ലി, വര്‍ഗീസ് നിത്യതയിലേക്ക്
കോവിഡ് ബാധിച്ച് മരിച്ച വര്‍ഗീസിന്റെ സംസ്കാരത്തിന് പിപിഇ കിറ്റ് ധരിച്ച് വൈദികരും സന്നദ്ധ പ്രവര്‍ത്തകരും.
ഇരിങ്ങാലക്കുട: ജീവിതാവസാനം വരെ കൂടെയുണ്ടായിരുന്ന വിശ്വാസങ്ങളെ ചേര്‍ത്തുപിടിച്ച വര്‍ഗീസ് എന്ന എഴുപത്തിയൊന്നുകാരന്റെ സംസ്കാരത്തിന് പിപിഇ കിറ്റ് ധരിച്ച് വൈദികരും സന്നദ്ധ പ്രവര്‍ത്തകരും. കോവിഡ് ബാധിച്ച് മരിച്ച ഇദ്ദേഹത്തിന് മാനദണ്ഡം പാലിച്ച്, സഭാവിശ്വാസപ്രകാരം അന്ത്യയാത്രയൊരുക്കിയത് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ സെമിത്തേരിയിലായായിരുന്നു. ഇന്നലെ രാവിലെയാണ് ഇരിങ്ങാലക്കുട സ്വദേശി പള്ളന്‍ വീട്ടില്‍ വര്‍ഗീസ് മരിച്ചത്. മരണ വിവരം അറിഞ്ഞയുടനെ കത്തീഡ്രല്‍ അധികൃതരും നഗരസഭാധികൃതരും മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വികാരി റവ. ഡോ ആന്റു ആലപ്പാടന്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. ഉച്ചയോടെ നഗരസഭാ മന്ദിരത്തില്‍ ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ക്രൈസ്തവോചിതമായ മൃതസംസ്കാരത്തിന് സഹായിക്കുവാന്‍ സന്നദ്ധരായ കത്തീഡ്രല്‍ ഇടവകയിലെ യുവജനങ്ങള്‍ രംഗത്തെത്തി. ജനറല്‍ ആശുപത്രിയില്‍ ഇവര്‍ക്ക് ആവശ്യമായ പരിശീലനവും നല്കി. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയുടെ വടക്ക് കിഴക്കേ ഭാഗത്ത് പത്തടിയോളം താഴ്ത്തി കുഴി എടുത്താണ് മൃതദേഹം സംസ്ക്കരിച്ചത്. നേരത്തെ നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യാ ഷിജു, സെക്രട്ടറി അരുണ്‍, ഹെല്‍ത്ത് സുപ്രവൈസര്‍ പി.ആര് സ്റ്റാന്‍ലി എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭ അധികൃതര്‍ സംസ്ക്കാരം നടത്തുന്ന സ്ഥലം സന്ദര്‍ശിച്ച് സുരക്ഷാ മുന്‍കരുതലുകള്‍ ഉറപ്പു വരുത്തി. സംസ്ക്കാര കര്‍മ്മത്തിനെത്തിയവര്‍ എല്ലാവരും പി പി ഇ കിറ്റുകള്‍ അടക്കം ധരിച്ച് സുരക്ഷ ഒരുക്കിയിരുന്നു. നാലു മണിയോടെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെത്തി മൃതദേഹം ഏറ്റു വാങ്ങി. വൈകീട്ട് അഞ്ചു മണിയോടെ സെമിത്തേരിയില്‍ സംസ്കാര ശുശ്രൂഷകള്‍ നടന്നു. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. റീസ് വടാശ്ശേരി, ഫാ. ആല്ബിന് പുന്നേലിപറമ്പില്‍, ഫാ. സ്റ്റേണ് കൊടിയന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. സുനില്‍ ആന്റപ്പന് ഞാറേക്കാടന്‍, ഷൈമോന്‍ അമ്പൂക്കന്, സെന്തില്‍ കൊഴിഞ്ഞിലിക്കാടന്‍, മിഥുന് തോമസ്, സുബീഷ് ബാബു ഞാറേക്കാടന്‍, ജസ്റ്റിന് പോള്സന് കോട്ടക്കല്‍ എന്നിരാണ് മൃതസംസ്കാര പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഭാര്യ ആനിയും മകന് സിജോയും മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികില്‍സയിലാണ്. മകള്‍ ജോസി, മരുമകന് ആന്റണി ബാബു, ബന്ധു ജോര്‍ജ് പള്ളന്‍ എന്നിവര്‍ ഏറെ ദൂരം മാറി സംസകാര ചടങ്ങുകളില്‍ പങ്കുകൊണ്ടു.