ജയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആധുനികമാക്കാനും നവീകരിക്കാനും കഴിയണമെന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ജയിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആധുനികമാക്കാനും നവീകരിക്കാനും കഴിയണമെന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. ജയിലിലെ സാഹചര്യങ്ങള്‍ പഴയതിനെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കുറെകൂടി സൗഹാര്‍ദപരമായ സമീപനം തടവുകാര്‍ക്കും കിട്ടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ്ജയിലില്‍ നടന്ന ജയില്‍ ക്ഷേമ ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തടവുകാരുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ജീവനം, നേര്‍വഴി എന്ന പേരില്‍ നിരവധി പദ്ധതികളാണ് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്. തടവുകാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായവും ആശ്രിതര്‍ക്ക് തൊഴില്‍ പരിശീലനവും നല്കി വരുന്നുണ്ട്. കുറ്റകൃത്യങ്ങളും ജയിലും ഇല്ലാതാക്കുന്ന കാലം എന്ന ആശയം സമൂഹം ഒന്നാകെ ഏറ്റെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. മധ്യമേഖല ജയില്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ സാം തങ്കയ്യന്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ജിഷ ജോബി, മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനു, മുന്‍ സൂപ്രണ്ട് കെ.എ. പൗലോസ്, അസിസ്റ്റന്റ് സൂപ്രണ്ട് കെ.എം. ആരിഫ്, കെ. സുരേഷ്, സൂപ്രണ്ട് ജോണ്സണ് ബേബി എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനാനന്തരം കലാമത്സരങ്ങളും ഗാനമേളയും നടന്നു.