കള്ളു ഷാപ്പുകളുടെ താക്കോല്‍ കൈമാറല്‍; നിയമോപദേശം തേടിയ ശേഷം നടപടി- നഗരസഭ കൗണ്‍സില്‍
ഇരിങ്ങാലക്കുട: ചാലാംപാടം, മാര്‍ക്കറ്റ് എന്നീ വാര്‍ഡുകളിലെ കള്ളുഷാപ്പുകളുടെ താക്കോല്‍ ഷാപ്പുടമക്ക് തിരിച്ചു നല്‍കണമെന്ന ഹൈക്കോടതി വിധിയില്‍ നിയമോപദേശം തേടിയ ശേഷം നടപടി സ്വീകരിക്കുവാന്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കാര്‍ഷികകോത്പന്നങ്ങളുടെ സംഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിനുവേണ്ടി നഗരസഭയില്‍ നിന്നും ലൈസന്‍സ് വാങ്ങിച്ച ശേഷം ഇവിടെ കള്ളുഷാപ്പുകള്‍ പ്രവര്‍ത്തിക്കുവാന്‍ ആരംഭിച്ചതാണ് പ്രദേശവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. നഗരസഭയെയും തെറ്റിദ്ധരിപ്പിച്ചാണ് ഷാപ്പുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്.
കഴിഞ്ഞവര്‍ഷം തുറന്ന ദിവസം തന്നെ പ്രദേശവാസികളുടെ പ്രതിഷേധത്തെതുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. ഈ രണ്ടു ഷാപ്പുകളുടെയും കെട്ടിടങ്ങളും പൂട്ടി താക്കോലുകള്‍ പ്രദേശവാസികള്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരിയെ ഏല്പിച്ചതാണ്. ഈ കെട്ടിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് താക്കോലുകള്‍ തിരിച്ചുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയില്‍ നിയമോപദേശം തേടിയ ശേഷം നടപടി സ്വീകരിക്കുവാനാണ് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം. ചാലാംപാടം 18-ാം വാര്‍ഡില്‍ അറവുശാലക്കു സമീപവും 19-ാം വാര്‍ഡില്‍ ഊമംകുളത്തിനു സമീപവുമാണ് കള്ളുഷാപ്പുകള്‍ തുറക്കാന്‍ ശ്രമം നടത്തിയത്. ഈ കെട്ടിടങ്ങളുടെ ഉപയോഗം കാര്ഷികാവശ്യങ്ങളില് നിന്നും മാറി വാണിജ്യാവശ്യമാക്കി മാറ്റുന്നതിന് താക്കോല്‍ ആവശ്യമാണെന്നും ഇക്കാര്യത്തില്‍ നഗരസഭയില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഉചിതമായ ഉത്തരവ് ഉണ്ടാകണമെന്നുമാണ് ഹൈക്കോടതി ഉത്തരവ്.
എന്നാല്‍ വീണ്ടും കള്ളുഷാപ്പ് ആരംഭിക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ഇക്കാര്യത്തില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടാകുമെന്നും യാതൊരു കാരണവശാലും താക്കോല്‍ കൈമാറരുതെന്നും 18ാം വാര്‍ഡ് കൗണ്‍സിലര്‍ മിനി ജോസ് ചാക്കോള ആവശ്യപ്പെട്ടു. പതിനെട്ടാം വാര്‍ഡില്‍ മാത്രമല്ല ഇതേ സമയത്ത് തന്റെ വാര്‍ഡിലും കള്ളുഷാപ്പ് ആരംഭിക്കുവാനുള്ള ശ്രമം ഉണ്ടായിരുന്നതായും കൗണ്‍സില്‍ അജണ്ടയില്‍ 18-ാം വാര്‍ഡിനെ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നും അംഗനവാടിക്കു സമീപം കള്ളുഷാപ്പ് ആരംഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും 19ാം വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ പറഞ്ഞു. നഗരസഭയെ തെറ്റിദ്ധരിപ്പിച്ചാണ് കള്ളു ഷാപ്പുകള്‍ തുറക്കാന്‍ ശ്രമിച്ചതെന്നും ജനസാന്ദ്രത ഏറെയുള്ള ഒരു പ്രദേശത്ത് കള്ളുഷാപ്പ് ആരംഭിക്കുവാനുള്ള നീക്കം കക്ഷി രാഷ്ട്രീയത്തിനതീതമായി നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് തടുക്കാനായതെന്നും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ.കെ.ആര്. വിജയ പറഞ്ഞു.
ഇക്കാര്യത്തില്‍ സ്വകാര്യ വ്യക്തി ഹൈക്കോടതിയില്‍ നല്കിയ കേസില്‍ നഗരസഭയുടെ ഭാഗം വേണ്ട രീതിയില്‍ അവതരിപ്പിക്കുവാന്‍ അഭിഭാഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ടോയെന്നത് പരിശോധിക്കണമെന്നും വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ ഇവര്‍ക്കു സാധിച്ചിരുന്നുവോ എന്നതില്‍ സംശയമുണ്ടെന്നും അവര്‍ പറഞ്ഞു. ഈ സ്ഥലത്ത് വീണ്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കൗണ്‍സിലിന്റെ വികാരം മനസിലാക്കി വേണം ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും നിയമോപദേശം തേടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും തീരുമാനിച്ചു. നഗരസഭാ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.