ലാപ്ടോപ് വിതരണത്തില്‍ ക്രമക്കേട് ആരോപണം കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ് വിതരണത്തില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പട്ടികജാതി വികസന ഫണ്ടില്‍നിന്ന് ഡിഗ്രി, പ്രഫഷണല്‍ വിദ്യാര്‍ഥികളായ 21 പേര്‍ക്കു ലാപ്ടോപ്പുകള് നല്‍കാനുള്ള പദ്ധതിയാണു കുറ്റകരമായ അനാസ്ഥയും വീഴ്ചയും മൂലം നാലുവര്‍ഷമായി നല്‍കാതിരുന്നത്. വിവാദമായപ്പോള്‍ എങ്ങനെയെങ്കിലും തട്ടിക്കൂട്ടിക്കൊടുത്ത് വിവാദത്തില്‍നിന്നു തലയൂരാനുള്ള ശ്രമത്തിലാണു സിപിഎം ഭരണസമിതി നടത്തുന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു. 21 കുട്ടികള്‍ക്കു നല്‍കേണ്ട പദ്ധതി ഇപ്പോള്‍ 13 പേര്‍ക്കു മാത്രമാണു നല്‍കുന്നത്. കഴിഞ്ഞ മാസം 27 നു ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ 2019-20 വര്‍ഷത്തെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കു നോട്ടീസയച്ച് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആ തീരുമാനത്തിനു വിരുദ്ധമായി നിലവില്‍ പഠനം നടത്താത്തവര്‍ക്കും വിവാഹിതരായി പോയവര്‍ക്കും ലാപ്ടോപ് കൊടുക്കാനും 2021-22 വര്‍ഷത്തെ ലിസ്റ്റില്‍ തിരുകിക്കയറ്റാനുമുള്ള ശ്രമം അംഗീകരിക്കില്ലെന്നു കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. അംഗങ്ങളായ ജോസ് മൂഞ്ഞേലി, കത്രീന ജോര്‍ജ്, ജൂലി ജോയ്, ലാലി വര്‍ഗീസ് എന്നിവരാണ് ഇറങ്ങിപ്പോയി പ്രതിഷേധിച്ചത്.