ആയുര്‍വേദത്തിലേക്കുള്ള തിരിച്ചുപോക്ക് ഗുണം ചെയ്യും: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ജീവിതശൈലീരോഗങ്ങള്‍ക്കുള്ള പരിഹാരമായി ആയുര്‍വേദത്തിലേക്കുള്ള തിരിച്ചുപോക്ക് ഗുണം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സംഗമേശ്വര ആയുര്‍വേദ ഗ്രാമം പദ്ധതിയുടെയും ആയുര്‍വേദ ചികിത്സാലയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.വി. രവി ഔഷധസസ്യ കൃഷിയുടെ ധാരണാപത്രം മന്ത്രിക്കു കൈമാറി. സംഗമേശ്വര ആയുര്‍വേദ ഗ്രാമത്തിനു പ്രാരംഭഘട്ട സഹായം നല്കിയ തോട്ടാപ്പിള്ളി വേണുഗോപാലമേനോനെ മന്ത്രി ആര്. ബിന്ദുവും മനോജ്കുമാര്‍ രാധാകൃഷ്ണനെ നഗരസഭ ചെയര്പേഴ്സന് സോണിയഗിരിയും ആദരിച്ചു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. സംഗമേശ്വര ആയുര്‍വേദ ഗ്രാമം ഡയറക്ടര്‍ ഡോ. കേസരി മേനോന്, അഡ്മിനിസ്ട്രേറ്റര്‍ എം. സുഗിത എന്നിവര്‍ സംസാരിച്ചു.