ഇരിങ്ങാലക്കുട-തൃപ്രയാര്‍ റൂട്ടിലെ സമയക്രമം യോഗത്തില്‍ തീരുമാനമായില്ല
ഇരിങ്ങാലക്കുട: തൃപ്രയാര്‍-കാട്ടൂര്‍ റൂട്ടില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളുടെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി പോലീസ് വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ മഹേഷ്കുമാറിന്റെയും സബ് ഇന്‍സ്പെക്ടര്‍ അരിസ്റ്റോറ്റിട്ടിലിന്റെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫീസില്‍ നടത്തിയ യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. ജോയിന്റ് ആര്‍ടിഒ, ഇരിങ്ങാലക്കുട പോലീസ് എന്നിവരെക്കൂടി ഉള്‍പ്പെടുത്തി 12 നുശേഷം അടുത്ത യോഗം ചേരും. തൃപ്രയാറില്‍നിന്ന് ഇരിങ്ങാലക്കുടയിലേക്ക് 50 മിനിറ്റാണ് മോട്ടോര്‍ വാഹനവകുപ്പ് സമയം അനുവദിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ ഓടുന്ന ബസുകളില്‍ 20 മിനിറ്റിലധികം ഹാള്ട്ടുള്ളവയ്ക്ക് ഠാണാ വരെ സര്‍വീസ് നടത്തണമെന്നാണ് ആര്‍ടിഒ ഉത്തരവ്. എന്നാല്‍ 20 മിനിറ്റിലധികം ഹാള്‍ട്ടുള്ള ബസുകള്‍ ഠാണാവിലേക്ക് പോകാതെ ട്രിപ്പുകള്‍ അവസാനിപ്പിക്കുകയാണ്. ഇതില്‍ ബസുടമകളില്‍ ഒരു വിഭാഗം എതിരാണ്. 20 മിനിറ്റിലധികം ഹാള്‍ട്ടുള്ള ബസുകള്‍ ഠാണാവിലേക്ക് പോകാതെ ട്രിപ്പുകള്‍ അവസാനിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് അസോസിയേഷന് ആവശ്യം.
ബസുകള്‍ ഠാണാവില്‍ പോകണം; സിപിഐ
ഇരിങ്ങാലക്കുട: കാട്ടൂര്‍, കാറളം, മൂന്നുപീടിക ഭാഗത്തു നിന്നും വരുന്ന സ്വകാര്യബസുകള്‍ ഠാണാവില്‍ പോകാതെ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കിവിടുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെയും മറ്റു യാത്രക്കാരെയും കാര്യമായി ബാധിക്കുന്ന വിഷയത്തില്‍ അടിയന്തരപരിഹാരം ഉണ്ടാകണം. ഇക്കാര്യത്തില്‍ ആര്‍ടിഒ അധികൃതര്‍ നല്കിയ ഉത്തരവുകള്‍ പുനഃപരിശോധിക്കണം. ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുവാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മണ്ഡലം സെക്രട്ടറി പി. മണി വ്യക്തമാക്കി.