ബസുകള്‍ ഠാണാവില്‍ പോകാന്‍ നടപടികള്‍ സ്വീകരിക്കണം-താലൂക്ക് വികസന സമിതി
ഇരിങ്ങാലക്കുട: തൃപ്രയാര്‍, കാട്ടൂര്‍, മൂന്നുപീടിക ഭാഗങ്ങളില്‍ നിന്നു വരുന്ന ബസുകള്‍ ഠാണാവില്‍ പോകാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി. നിരന്തരമായ പരാതികള്‍ ഉണ്ടായിട്ടും ഇക്കാര്യത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ലെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വിഷയം ജില്ലാ കളക്ടര്‍, ആര്‍ടിഎ, ആര്‍ടിഒ എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും യോഗം തീരുമാനിച്ചു. സുഭിക്ഷ മാതൃകയില്‍ പഞ്ചായത്തുകളില്‍ ജനകീയ ഹോട്ടലുകള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യകരവും ശുചികരവുമായ ഭക്ഷണം ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു നിര്‍ദേശിച്ചു. കാറളം പഞ്ചായത്തില്‍ കോഴിക്കുന്നില്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന ഒന്‍പതു വീട്ടുകാരെ മാറ്റി പാര്‍പ്പിക്കാനുള്ള ധനസഹായം ലഭ്യമാക്കണമെന്ന് യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ആവശ്യപ്പെട്ടു. വേളൂക്കര പഞ്ചായത്തില്‍ കൃഷിഭവന് കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടം നിര്‍മിക്കാന്‍ നടപടികള്‍ വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കാട്ടൂര്‍ പൊഞ്ഞനത്ത് കുടിവെള്ള പൈപ്പുകളിലെ ചോര്‍ച്ച തടയാന്‍ ഇതുവരെ നടപടികള്‍ ആയിട്ടില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പുതുക്കാട് എംഎല്‍എ യുടെ പ്രതിനിധി എ.വി. ചന്ദ്രന്, ടി.എന്‍. പ്രതാപന് എംപി യുടെ പ്രതിനിധി ടി.വി. ചാര്‍ളി, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, നഗരസഭ ചെയര്പേഴ്സന് സോണിയ ഗിരി, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ലത സഹദേവന്, ഷീജ പവിത്രന്, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തഹസില്‍ദാര്‍ കെ. ശാന്തകുമാരി സ്വാഗതം പറഞ്ഞു.