നെല്‍കര്‍ഷകര്‍ ഇന്‍ഷുറന്‍സ് തുക കിട്ടാതെ വലയുന്നു
കാറളം: ചെമ്മണ്ട കായല്‍ കര്‍ഷക സംഘത്തിന്റെ കീഴില്‍ ഉള്ള നെല്‍കര്‍ഷകരുടെ ഇന്‍ഷുറന്‍സ് പ്രീമിയം യഥാസമയം അടക്കാത്തതുമൂലം അപ്രതീക്ഷിത മഴയില്‍ നശിച്ചുപോയ കൃഷിക്ക് ലഭിക്കേണ്ട ഇന്‍ഷുറന്‍സ് തുക നഷ്ടപ്പെട്ടുവെന്ന് കാറളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. കൃഷി ഇറക്കുന്ന സമയത്തുതന്നെ കര്‍ഷകരുടെ കൈയില്‍ നിന്ന് വിള, കാലാവസ്ഥ ഇന്‍ഷുറന്‍സുകള്‍ക്കുള്ള പ്രീമിയം തുക സംഘം വാങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ വിള ഇന്‍ഷുറന്‍സ് പ്രീമിയം ഒരു കര്‍ഷകരും അടച്ചില്ല. ഇതുമൂലം അപ്രതീക്ഷിത മഴയില്‍ കൃഷി നാശം സംഭവിച്ചുപോയ കര്‍ഷകര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാര തുക ലഭിക്കാതെ പോയി. നെല്‍കര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടി നിലകൊള്ളേണ്ട സംഘം ഇന്ന് ഒരു തട്ടിപ്പ് പ്രസ്ഥാനമായി മാറി എന്ന് യോഗം കുറ്റപ്പെടുത്തി. ഈ കഴിഞ്ഞ ദിവസങ്ങളില്‍ വിള ഇന്‍ഷുറന്‍സിനായി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് 30 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ നിന്ന് ലഭിക്കേണ്ട തുകയാണ് കാറളം, ചെമ്മണ്ട, വെള്ളാനി പ്രദേശത്തെ കര്‍ഷകര്‍ക്ക് നഷ്ടപെട്ടതെന്ന് മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് പറഞ്ഞു. ഇന്‍ഷുറന്‍സ് തുകക്ക് തുല്യമായ തുക കൃഷി നാശം ഉണ്ടായ കര്‍ഷകര്‍ക്ക് സംഘത്തിന്റെ ഫണ്ടില്‍ നിന്നും ഉടന്‍ അനുവദിക്കണം എന്നും ഈ അനാസ്ഥക്കെതിരെ കര്‍ഷകരെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കും എന്നും യോഗത്തില്‍ പങ്കെടുത്ത കാറളം മണ്ഡലം കര്‍ഷക കോഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍ ആയ സണ്ണി തട്ടില്‍, വി.ഡി. സൈമണ്‍, വേണു കുട്ടശാംവീട്ടില്‍, ജോയ് നടക്കലാന് എന്നിവര്‍ അറിയിച്ചു.