ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് കാറളം പഞ്ചായത്തിലെ കൊരുമ്പിശേരിയില് വീട് ഭാഗികമായി കത്തിനശിച്ചു
ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തിലെ കൊരുമ്പിശേരിയില് തീപ്പിടുത്തത്തെ തുടര്‍ന്ന് വീട് ഭാഗികമായി കത്തിനശിച്ചു. പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ കൊരുമ്പിശേരിയില് പോക്കരുപറമ്പില്‍ ഭാരതിയുടെ (67) ഓടിട്ട വീടിന്റെ അടുക്കള ഭാഗമാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. ഈ സമയത്ത് ആരും വീട്ടില്‍ ഉണ്ടായിരുന്നില്ല. അടുക്കളയിലെ വിറക് അടുപ്പില്‍ നിന്ന് അടുത്ത് സൂക്ഷിച്ച് വച്ചിരുന്ന വിറക് ശേഖരത്തിലേക്ക് തീ പടര്‍ന്ന് പിടിക്കുകയും അടുത്ത് തന്നെ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന്റെ ട്യൂബിന് തീ പിടിച്ച് ഗ്യാസ് ചോര്‍ന്നതുമാണ് തീ പടര്‍ന്ന് പിടിക്കാന്‍ കാരണമായത്. നാട്ടുകാരുടെയും വിവരമറിഞ്ഞ് എത്തിയ അഗ്നിശമനാ വിഭാഗത്തിന്റെ ശ്രമഫലമായിട്ടാണ് തീ അണച്ചത്. സംഭവ സ്ഥലത്തേക്ക് വണ്ടികളുമായി എത്താന്‍ വീതിയുള്ള റോഡ് ഇല്ലാത്തതിനാല്‍ നടന്നിട്ടാണ് ഫയര്‍ വകുപ്പ് ജീവനക്കാര്‍ എത്തിച്ചേര്‍ന്നത്. ഗ്യാസ് ഓഫ് ചെയ്തതിന് ശേഷം സംഭവസ്ഥലത്തെ പമ്പ് സെറ്റില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് തീ പടരുന്നത് തടഞ്ഞത്. സംഭവത്തില്‍ അടുക്കള പൂര്‍ണമായും ഇവിടെ ഉണ്ടായിരുന്ന പാത്രങ്ങളും ഗ്യാസ് സ്റ്റൗവും വിറകുകളും കത്തി നശിച്ചു. സ്റ്റേഷന് ഓഫീസര്‍ ഗോപാലകൃഷണന് മാവില, അസി. സ്റ്റേഷന് ഓഫീസര്‍മാരായ കെ.സി. സജീവന്, എന്‍. കെ മോഹനന്, ഫയര്മെന്മാരായ ജിതിന് രാജ്, സുമേഷ്, സിജോയ്, രഞ്ജിത്ത്, അരുണ്‍ രാജ്, അഭിമന്യു, സന്ദീപ്, ലിസന്‍ എന്നിവര്‍ നേതൃത്വം നല്കി.