ഇരിങ്ങാലക്കുട സ്പെഷ്യല്‍ സബ് ജയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ഇരിങ്ങാലക്കുട: മിനി സിവില്‍ സ്റ്റേഷനു സമീപം ഒരു ഏക്കര്‍ 82 സെന്റ് സ്ഥലത്ത് പുതുതായി നിര്‍മാണം പൂര്‍ത്തീകരിച്ച സ്പെഷ്യല്‍ സബ് ജയിലില്‍ അന്തേവാസികളെ പാര്‍പ്പിച്ച് തുടങ്ങി. ഇപ്പോള്‍ 27 അന്തേവാസികളാണു ഉള്ളത്. 200 അന്തേവാസികളെ പാര്‍പ്പിക്കുവാനുള്ള സൗകര്യം ഈ ജയിലില്‍ ഉണ്ട്. കൊടുങ്ങല്ലൂര്‍, ചാലക്കുടി, മുകുന്ദപുരം എന്നീ മൂന്നു താലൂക്കിലെ 13 പോലീസ് സ്റ്റേഷന്, ഫോറസ്റ്റ്, എക്സൈസ് റേഞ്ചുകളിലെ അന്തേവാസികളെയും ഇവിടെയാണു പാര്‍പ്പിക്കുക. ജയിലിന്റെ പ്രവേശന ഉദ്ഘാടനം മധ്യമേഖല ഡിഐജി സാം തങ്കയ്യന് നിര്‍വഹിച്ചു. റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ ലക്ഷ്മി അധ്യക്ഷത വഹിച്ചു. വനിത ജയില്‍ സൂപ്രണ്ട് ജയ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ കെ.ജെ. ജോണ്സണ്, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ മൈഥിലി, ഓവര്‍സിയര്‍ ദീപ്തി, സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് ബി.എം. അന്‍വര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ സി.എസ്. ഷൈജു എന്നിവര്‍ പ്രസംഗിച്ചു. 200 പ്രതികളെ പാര്‍പ്പിക്കുവാന്‍ സൗകര്യമുള്ള ഈ ജയിലിനെ റൂറല്‍ ജില്ലാ ജയില്‍ തൃശൂര്‍ (ഇരിങ്ങാലക്കുട) എന്നാക്കി ഉയര്‍ത്തുകയും പുതിയ ജില്ലാ ജയില്‍ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഠാണാവിലുള്ള ജയില്‍ ഫ്രീഡം വിഭവങ്ങളുടെ ഫുഡ് പ്രൊസസിംഗ് യൂണിറ്റാക്കണമെന്ന ആവശ്യവും ജീവനക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ഇതു മൂലം സാധാരണ ജനങ്ങള്‍ക്കു ഏറ്റവും വില കുറവില്‍ ഗുണമേന്മയേറിയ ഭക്ഷണ സാധനങ്ങള്‍ ലഭിക്കുവാന്‍ അവസരം ഉണ്ടാകും.
ഇതുമായി ബന്ധപ്പെട്ട വാർത്തകൾ ലഭിക്കുന്നതിന് https://irinjalakuda.news/inaugration-ijk-jail/ https://irinjalakuda.news/ijk-sub-jail-2020/ ക്ലിക്ക് ചെയ്യുക