ലഹരി മാഫിയയിലൂടെ ഗുണ്ടാ സംഘങ്ങള്‍ തലപൊക്കുന്നതായി സൂചന
ഇരിങ്ങാലക്കുട: നീണ്ട ഇടവേളക്കുശേഷം ഇരിങ്ങാലക്കുട മേഖലയില്‍ ഗുണ്ടാസംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും വീണ്ടും തലപ്പൊക്കി തുടങ്ങുന്നതായി സൂചന. ഇന്നലെ അരിപ്പാലത്ത് നാടന്‍ ബോംബുകളും കഞ്ചാവും മാരകായുധങ്ങളുമായി പിടിയിലായ യുവാക്കളില്‍ നിന്നാണ് ഇതു സംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്. കാട്ടൂര്‍ പോലീസും ഇരിങ്ങാലക്കുട കെ. നയന്‍ സ്ക്വാഡും, ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാടന്‍ ബോംബുകളും, വടിവാളും, കഞ്ചാവും കണ്ടെത്തിയത്. സംഭവത്തില്‍ അരിപ്പാലം തോപ്പില്‍ നടുവത്തുപറമ്പില്‍ വിനു (22), എടക്കുളം ഈശ്വരമംഗലം വീട്ടില്‍ അഖിനേഷ് (23) എന്നിവരെയാണ് കാട്ടൂര്‍ സി.ഐ. മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വിവിധ കേസുകളില്‍ പ്രതിയായ വിനുവിനെ തേടിയെത്തിയതായിരുന്നു കാട്ടൂര്‍ പോലീസ്. വിനുവിന്റെ പക്കല്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് വീട് പരിശോധിച്ചപ്പോള്‍ ഓലപ്പടക്കവും, വടിവാളും, ഇരുമ്പുദണ്ഡും കിട്ടി. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയുള്ള വിശദ പരിശോധനയില്‍ നാടന്‍ ബോംബ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ബോംബ് സ്ക്വാഡിനെ വിളിച്ചുവരുത്തിയത്. റാണ എന്ന പോലീസ് നായയാണ് വീടിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കുഴിച്ചിട്ടിരുന്ന മിഠായിക്കുപ്പിയില്നിന്ന് കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തിയത്. പല ഭാഗങ്ങളില്‍ കുഴിച്ചിട്ട കുപ്പികളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കിണറിന് സമീപത്തുനിന്നാണ് പോലീസ് ആദ്യം ബോംബ് കണ്ടെത്തിയത്. തുടര്‍ന്ന് ചോദ്യം ചെയ്യലില്‍ മറ്റൊരു ബോംബുംകൂടി ഉണ്ടെന്ന് പ്രതി അറിയിച്ചു. തുടര്‍ന്നാണ് കെ. നയന്‍ സ്ക്വാഡിലെ പോലീസ് നായ മാക്സ് നടത്തിയ പരിശോധനയില്‍ വാഴക്കടയ്ക്കല്നിന്ന് ബോംബ് കണ്ടെത്തിയത്. തൃശ്ശൂരില്‍നിന്നെത്തിയ ബോംബ് സ്ക്വാഡും പരിശോധന നടത്തി ബോംബുകള്‍ നിര്‍വീര്യമാക്കി. ഗുണ്ടാ സംഘങ്ങളുടെ കുടിപക തീര്‍ക്കുന്നതിനാണ് ഇവര്‍ ബോബുണ്ടാക്കിയത്. മറ്റൊരു ഗുണ്ടാ സംഘം തന്നെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ സ്വയം രക്ഷക്കുവേണ്ടിയാണ് ഇവ നിര്മിച്ചന്നുമാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. കൊലപാതകം, വധശ്രമം, കഞ്ചാവ് വില്പന, ബോബും നിര്‍മാമം, ആയുധം കൈവശം വക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ ഇവര്‍ പ്രതികളായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങളുടെ ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളും പലപ്പോഴും നടക്കാറുണ്ട്. കാട്ടൂര്‍ സ്റ്റേഷനില്‍ ഒരാളാണ് ഗുണ്ടാ ലിസ്റ്റില്‍ ഉള്ളത്. റൗഡികളുടെ ലിസ്റ്റിലുള്ളത് എഴുപത് പേരും. ഗുണ്ടാ ലിസ്റ്റിലുള്ളയാള്‍ കാപ്പ ചുമത്തി ജയിലില്‍ കഴിയുകയാണ്. ഇരിങ്ങാലക്കുട സ്റ്റേഷനില്‍ 58 പേരും ആളൂര്‍ സ്റ്റേഷനില്‍ 54 പേരുമാണ് റൗഡി ലിസ്റ്റിലുള്ളത്. റൗഡി ലിസ്റ്റിലുള്ള ഭൂരിഭാഗം പേരും നാട്ടില്‍ വിലസുകയാണ്. അടിപിടിയിലും മല്‍പ്പിടുത്തത്തിലും തുടങ്ങി വടിവാള്വീശല്, വീടുകേറി ആക്രമണം എന്നിവയിലൂടെയാണ് ഗുണ്ടാ ആക്രമണങ്ങള്‍ വളരുന്നത്. എതിരാളിയെ ഇടിച്ചിട്ടും മല്പിടുത്തത്തിലോടെ കീഴ്പെടുത്തിയും ആധിപത്യം സ്ഥാപിക്കുന്നതായിരുന്നു പണ്ടത്തെ രീതി. എന്നാല്‍ സ്ഥിതിയാകെ മാറി. ക്വട്ടേഷന്‍ സംസ്കാരം നിലവില്‍വന്നതോടെ പല്ലിനുപല്ല്, കണ്ണിനു കണ്ണ്, ചോരയ്ക്ക് ചോര എന്നതായി ആക്രമണശൈലി. കൈയ്ക്കും കാലിനും തുടങ്ങി ഓരോ ശശീരഭാഗത്തിനും
പ്രത്യേക ക്വട്ടേഷന്‍. കൊലയ്ക്കാണെങ്കില് ക്വട്ടേഷന്‍ റേറ്റും കൂടും. ബ്ലോഡ് മാഫിയസംഘങ്ങളും മണ്ണ്, മണല്‍ മാഫിയ സംഘങ്ങളുമാണ് ഗുണ്ടാ സംഘങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നത്. പലിശക്ക് നല്കിയ പണം ഭീഷണിപ്പെടുത്തി തിരിച്ചു വാങ്ങുന്നതിനും അനധികൃതമായി നിലം നികത്തുന്നതിനും മറ്റും മണ്ണടിക്കുന്നവര്ക്കു സംരക്ഷണം നല്‍കുന്നതും ഇത്തരം ക്വട്ടേഷന്‍ സംഘങ്ങളാണ്. ഇത്തരക്കാര്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കിയാല്‍ ഉടന്‍ സ്ഥലത്തു നിന്നും മുങ്ങുകയും കേസിന്റെ ചൂടാറുമ്പോള്‍ തിരിച്ചെത്തുകയുമാണ് ഇവരുടെ പതിവ്. നാട്ടില്‍ തിരിച്ചെത്തിയാല്‍ ലഭിക്കുന്ന പണത്തിന്റെ ഒരു വിഹിതം മദ്യത്തിനും ലഹരിക്കുമായി കൂട്ടുകൂടി വിനിയോഗിക്കലാണ് പതിവ്. ഇതിനായി ചെറുപ്പക്കാരായ യുവാക്കളെയാണ് ഇവര്‍ തിരഞ്ഞെടുക്കുന്നത്. ഇപ്പോള്‍ ഇവിടെ നടക്കുന്ന പല ക്രിമിനല്‍ കേസുകളിലും അറസ്റ്റിലാവുന്നത് 18നും 26 നും വയസിനിടയിലുളള യുവാക്കളാണ്. മദ്യവും മറ്റു ലഹരിവസ്തുക്കളും നല്‍കിയാണ് പാവപ്പെട്ട വീടുകളിലെ കുട്ടികളെ ഇവര്‍ വലവീശി പിടിക്കുന്നത്. കൃത്യത്തില്‍ ഏര്‍പ്പെട്ട് അറസ്റ്റിലായ കൂട്ടാളികളായ യുവാക്കള്‍ക്ക് എന്തിനാണ് അക്രമം നടത്തിയതെന്നുപോലും പലപ്പോഴും അറിയാത്ത സ്ഥിതിയാണുള്ളത്. കേസിന്റെ ഗൗരവം തിരിച്ചറിയാതെയാണ് നേരംപോക്കുപോലെ ഇത്തരക്കാര്‍ അക്രമങ്ങളില്‍ ഉള്‍പ്പെടുന്നത്. കൊടുത്തും കൊണ്ടും കുത്തിമലര്‍ത്തിയും സമൂഹത്തിനു പേടിസ്വപനമായി വിലസുന്ന ക്വട്ടേഷന്‍ സംഘങ്ങളെയും ഗുണ്ടാ സംഘങ്ങളെയും ഒതുക്കാന്‍ പോലീസുക്കാര് രംഗത്തിറങ്ങണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.