കേരള സംഗീത നാടക അക്കാദമിക്ക് ഭാരവാഹികളെ നിയോഗിക്കാത്തതില്‍ യുവകലാസാഹിതി പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട: കേരള സംഗീത നാടക അക്കാദമിക്ക് ഭാരവാഹികളെ നിയോഗിക്കാത്തതില്‍ യുവകലാസാഹിതി പ്രതിഷേധിച്ചു. കേരള സര്‍ക്കാരിന്റെ കീഴില്‍ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ 1958ല്‍ രൂപീകരിച്ച് സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ സ്ഥാപിച്ചു പ്രവര്‍ത്തിക്കുന്ന കേരള സംഗീത നാടക അക്കാദമിക്ക് ദീര്‍ഘകാലമായി നാഥനില്ലാത്ത അവസ്ഥയാണ്. ഇക്കൊല്ലം മെയ് മാസത്തില്‍ പ്രസിഡന്റായി പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയെയും സെക്രട്ടറിയായി കരിവള്ളൂര്‍ മുരളിയെയും സര്‍ക്കാര്‍ തെരഞ്ഞെടുത്തുവെന്ന് പത്രവാര്‍ത്ത വന്നിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും മേല്പറഞ്ഞവര്ക്ക് യാതൊരു അറിയിപ്പും ഔദ്യോഗികമായി ലഭിച്ചില്ല എന്നാണ് മനസിലാക്കുന്നത്. സംഗീതനാടക അക്കാദമി പോലെ സാംസ്കാരിക രംഗത്തെ സുപ്രധാനമായ സ്ഥാപനം നാഥനില്ലാക്കളരിയാക്കി നിര്‍ത്തുന്നത് നിലവിലെ സര്‍ക്കാരിന് ഭൂഷണമല്ല എന്നും ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കാനും യുവകലാസാഹിതി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. കെ.കെ. കൃഷ്ണാനന്ദബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. രാജേഷ് തമ്പാന്, വി.എസ്. വസന്തന്, റഷീദ് കാറളം, കെ.സി. ശിവരാമന് എന്നിവര്‍ സംസാരിച്ചു.