പൂമംഗലം മുന്‍ പഞ്ചായത്ത് സെക്രട്ടറിയും സംസ്കാരസാഹിതി ജില്ലാ സെക്രട്ടറിയുമായ ഹരി ഇരിങ്ങാലക്കുട (59) അന്തരിച്ചു
ഇരിങ്ങാലക്കുട: പൂമംഗലം മുന്‍ പഞ്ചായത്ത് സെക്രട്ടറിയും സംസ്കാരസാഹിതി ജില്ലാ സെക്രട്ടറിയുമായ ചെങ്കനാത്ത് ശങ്കുണ്ണിയുടെ മകന് ഹരി (59) അന്തരിച്ചു. ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അമല ഹോസ്പിറ്റലില്‍ ബൈപാസ് സര്‍ജറിക്ക് മുന്‍പേ രണ്ടാമത് ഹൃദയാഘാതം വരികയായിരുന്നു. മൂന്നു തവണ സംസ്ഥാനത്തെ ഏറ്റവും നല്ല പഞ്ചായത്ത് സെക്രട്ടറി, കൂടല്‍മാണിക്യം ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹി, അയ്യങ്കാവ് ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മുന്‍ ഭാരവാഹി, എട്ടുമുറി റസിഡന്‍സ് അസോസിയേഷന് മുന്‍ പ്രസിഡന്റ്, കേരള പത്രപ്രവര്‍ത്തക അസോസിയേഷന് ഇരിങ്ങാലക്കുട മേഖല വൈസ് പ്രസിഡന്റ്, കില ട്രെയിനര്‍, മെട്രോവാര്‍ത്ത ഇരിങ്ങാലക്കുട പ്രാദേശിക ലേഖകന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചുവരികയായിരുന്നു. ഇരിങ്ങാലക്കുട റീഡേഴ്സ് ഫോറത്തിന്റെ സ്ഥാപക സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ഇരിങ്ങാലക്കുടയില്‍ പ്രസിദ്ധീകരിച്ചിരുന്ന വീക്കെന്‍ഡ് മിനിറ്റ്സ് വാര്‍ത്താവാരികയുടെ പത്രാധിപരുമായിരുന്നു. 2009 ല്‍ ദേശമംഗലം പഞ്ചായത്ത് സെക്രട്ടറിയായിരുന്നപ്പോള്‍ ഭാരതപ്പുഴയുടെ തീരത്ത് അനധികൃത മണല്‍കടത്ത് തടഞ്ഞതിന് സംസ്ഥാന സര്‍ക്കാരിന്റെ ഗുഡ് സര്‍വീസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പൂമംഗലം പഞ്ചായത്ത് സെക്രട്ടറിയായി 2012 മുതല്‍ പ്രവര്‍ത്തിച്ചു. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമപുരസ്കാരം 2013 ലും 2015 ലും 2016 ലും ഇദ്ദേഹത്തെ തേടിയെത്തി. പൂമംഗലം പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കാലത്ത് പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യകേരള പുരസ്കാരം ലഭിച്ചു. ഭാര്യ: നിര്‍മല (റിട്ട. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥ). മക്കള്‍: അഞ്ജന, അര്ജുന്