സമൂഹ നീതിക്കു വേണ്ടി ഏകദിന ഉപവാസവുമായി ഇരിങ്ങാലക്കുട രൂപത കെസിവൈഎം
ഇരിങ്ങാലക്കുട: ന്യൂനപക്ഷ സംവരണം പുനര്‍ പരിശോധിക്കുക, ഇഐഎ ഡ്രാഫ്റ്റ് 2020 നടപ്പിലാക്കാതിരിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് സംരക്ഷിക്കുക, കര്‍ഷകരെ ദ്രോഹിക്കുന്ന വനംവകുപ്പ് നടപടികള്‍ക്കു തടയിടുക തുടങ്ങിയ സാമൂഹിക ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടു ഇരിങ്ങാലക്കുട രൂപത കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തി. ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം ചെയര്മാന് ജെറാള്‍ഡ് ജേക്കബിന്റെ നേതൃത്വത്തില്‍ കെസിവൈഎം സംസ്ഥാന വൈസ് പ്രസിഡന്റ് ജെയ്സണ്‍ ചക്കേടത്ത്, രൂപത ജനറല്‍ സെക്രട്ടറി എമില്‍ ഡേവിസ്, രൂപതാ വൈസ് ചെയര്‍പേഴ്സണ്‍ അലീന ജോബി, സംസ്ഥാന സിന്‍ഡികേറ്റ് അംഗം ഡെല്‍ജി ഡേവിസ് എന്നിവര്‍ ഉപവാസം അനുഷ്ഠിച്ചു. ഇരിങ്ങാലക്കുട രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉപവാസ സമരം അഭിസംബോധന ചെയ്തു സംസാരിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ ഫാ. ജോയ് പാലിയേക്കര ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ജോസ് പന്തല്ലൂക്കാരന്‍, ഫാ. നൗജിന് വിതയത്തില്‍, ഫാ. ഫ്രാങ്കോ പറപ്പിള്ളി, സംസ്ഥാന പ്രസിഡന്റ് ബിജോ പി. ബാബു എന്നിവര്‍ പ്രസംഗിച്ചു. ഇരിങ്ങാലക്കുട രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, ട്രഷറര്‍ റിജോ ജോയ്, സംസ്ഥാന സെനറ്റ് മെമ്പര്‍ ലിബിന് ജോര്‍ജ്, വനിത വിംഗ് കണ്‍വീനര്‍ ഡിംപിള്‍ ജോയ് എന്നിവര്‍ നേതൃത്വം നല്കി.