നിപ്മറിനെ ലോക ശ്രദ്ധയിലെത്തിച്ച് അസീം അലിയും ഫാത്തിമയും
ഇരിങ്ങാലക്കുട: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഡബ്ല്യുഎച്ച്ഒ ഇറക്കിയ പോസ്റ്ററില്‍ ഇടം പിടിച്ച് അസിം അലിയും ഫാത്തിമയും. കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിലെ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും. ഇതൊരു വീല്‍ചെയര്‍ മാത്രമല്ല, ചക്രങ്ങളില്‍ ഒരു സ്വപ്നം ഇവിടെ കാണുന്നത് വെറുമൊരു സഹായമല്ല. അത് അഭിലാഷമാണ് എന്നിങ്ങനെയുളള അടിക്കുറിപ്പോടു
കൂടിയാണ് പോസ്റ്റര്‍ ഇറക്കിയിട്ടുളളത്. അടിക്കുറിപ്പ് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് അസിമിന്റെ ജീവിതവും. നിപ്മര്‍ ആദ്യമായി പവര്‍ വീല്‍ചെയര്‍ നല്‍കിയത് അസിമിനായിരുന്നു. അവിടെനിന്നാണ് അവന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള് വെച്ചത്. വിവിധ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ അസിമിന്റെ വിനോദം റീല്‍സ് ചെയ്ത വീഡിയോകള്‍ എഡിറ്റ് ചെയ്ത് തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുന്നതാണ്. ഫാത്തിമയ്ക്ക് നൃത്തത്തിലാണ് താല്പര്യം. ഇരുവരും പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍. ആളൂര്‍ പഞ്ചായത്തിലെ കല്ലേറ്റുംകര സ്വദേശി ആലങ്ങാട്ടുക്കാരന്‍ വീട്ടില്‍ അന്‍വര്‍ അലി ജാസ്മിന് അന്‍വര്‍ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആസിം അലി. അന്നമനട പഞ്ചായത്തിലെ കല്ലൂര്‍ പനങ്ങോട്ടിപറമ്പില്‍ നാസര്‍ സീനത്ത് ദമ്പതികളുടെ മൂത്തമകളാണ് ഫാത്തിമ.