ഭിന്നശേഷി കുട്ടികള്‍ക്കുള്ള ലയണ്‍സ് സ്പെഷ്യല്‍ ഒളിമ്പിക്സ് ഇരിങ്ങാലക്കുടയില്‍; പങ്കെടുക്കുന്നത് മൂന്ന് ജില്ലകളില്‍ നിന്നായി ആയിരത്തോളം കുട്ടികള്‍
ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ തൃശൂര്‍ ഡിസ്ട്രിക്ട് 318 ഡിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഇന്ന് ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന സ്പെഷ്യല്‍ ഒളിമ്പിക്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള സ്പെഷ്യല്‍ സ്കൂളുകളിലെ ആയിരത്തോളം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് ഡിസ്ട്രിക്റ്റ് കോഓര്‍ഡിനേറ്റര്‍ പോള്‍ തോമസ് മാവേലി, ജനറല്‍ കണ്‍വീനര്‍ ബിജു ജോസ് കൂനന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സുഷുമ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. ഫാ. ജോയ് പീണിക്കപറമ്പില്‍, വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ ടോണി എനോക്കാരന്‍, ജെയിംസ് വളപ്പില എന്നിവര്‍ പങ്കെടുക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്യും. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേ ഐപിഎസ് സമ്മാനദാനം നിര്‍വഹിക്കും. സംഘാടകരായ റോയ് ജോസ് ആലുക്കല്‍, കെ.എന്‍. സുഭാഷ്, മനോജ് ഐബന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.