അനുമതിയില്ലാതെ കളിമണ്ണ് നീക്കിയതിന് നഗരസഭയ്ക്ക് പിഴ
മാപ്രാണം അങ്ങാടിക്കുളം നവീകരണം; അനുമതിയില്ലാതെ കളിമണ്ണ് നീക്കിയതിന് നഗരസഭയ്ക്ക് പിഴ
കളിമണ്ണ് ഖനനം നടത്തിയിട്ടില്ലെന്ന് നഗരസഭ,
ഇരിങ്ങാലക്കുട: നഗരസഭയ്ക്ക് കീഴിലുള്ള മാപ്രാണം അങ്ങാടിക്കുളം നവീകരണത്തിന്റെ ഭാഗമായി അനുമതിയില്ലാതെ കളിമണ്ണ് നീക്കിം ചെയ്തതിന് 2.65 ലക്ഷം രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് ജിയോളജി വകുപ്പ് ഇരിങ്ങാലക്കുട നഗരസഭയ്ക്ക് നോട്ടീസ് നല്കി. കുളത്തിന്റെ സമീപവാസിയായ മാപ്രാണം സ്വദേശി സെബി കള്ളാപറമ്പില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് ജിയോളജി വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതില്‍ അനധികൃതമായി കളിമണ്ണ് പുറത്തേക്ക്കടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ധാതുവിന്റെ റോയല്‍റ്റി, വില, കോമ്പൗണ്ടിംഗ് ഫീസ് എന്നിവയിലായി 2.65 ലക്ഷം രൂപ പിഴയടക്കാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തികളുടെ ഭാഗമായുള്ള ധാതുനീക്കം ചെയ്യുന്നതിന് ജിയോളജി വിഭാഗത്തില്‍ റോയല്‍റ്റി അടച്ച് ട്രാന്‍സിറ്റ് പാസുകള്‍ എടുക്കണമെന്നാണ് ചട്ടം. എന്നാല്‍ ട്രാന്‍സിറ്റ് പാസുകള്‍ എടുക്കാതെയാണ് സ്ഥലത്ത് നിന്ന് കളിമണ്ണ് കൊണ്ടുപോയതെന്നും അനധികൃത ഖനനം ഉടനടി നിറുത്തിവയ്ക്കണമെന്നും നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. നഗരസഭ അഞ്ചാം ഡിവിഷന് മാപ്രാണം കപ്പേളക്ക് വടക്ക്ഭാഗത്ത് ഒരേക്കറിലായി വ്യാപിച്ചുകിടക്കുന്ന അങ്ങാടിക്കുളമാണ് നാലുവശം ഭിത്തികെട്ടി സംരക്ഷിക്കുന്നത്. ചിത്രവള്ളി പാടശേഖരത്തിനും സമീപ പ്രദേശങ്ങളിലെ കരകൃഷിക്കും ജലലഭ്യത ഉറപ്പുവരുത്താന്‍ മുന്‍ എംഎല്‍എ കെ.യു. അരുണന്റെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 57.75 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. കുളത്തിന്റെ നവീകരണം പൂര്‍ത്തിയായിട്ടില്ല. എന്നാല്‍ കളിമണ്ണ് ഖനനം നടത്തിയിട്ടില്ലെന്ന് നഗരസഭ വ്യക്തമാക്കി. നവീകരിക്കുന്നതിന്റെ ഭാഗമായി കുളത്തിന്റെ അടിഭാഗത്തുനിന്ന് ചെളി നീക്കം ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിന് 1.55 ലക്ഷം രൂപ മാത്രമാണ് നഗരസഭയ്ക്ക് ലഭിച്ചിട്ടുള്ളത്. അതിനാല്‍ പിഴ ഒഴിവാക്കി നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കാനാണ് തീരുമാനം.