പുളിക്കല്ച്ചിറയില് ഉയരും പുതിയ പാലം; 1.62 കോടി രൂപയുടെ പദ്ധതിക്ക് അനുമതി
പായമ്മല്‍: പടിയൂര്‍ പൂമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒലുപ്പൂക്കഴ കോടംകുളം റോഡിലെ പുളിക്കല്‍ ചിറപ്പാലം പുനര്‍നിര്‍മിക്കുന്നതിന് 1.62 കോടി രൂപയുടെ പുതിയ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം. പാലം പുനര്‍നിര്‍മാണത്തിന് നേരത്തെതന്നെ ഒരുകോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും പുതിയതായി സമര്‍പ്പിച്ച പദ്ധതി പ്രകാരം പാലവും അനുബന്ധ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കാന്‍ 1.62 കോടി കൂടി ആവശ്യമായിരുന്നു. ഇതിനായി ഒരു കോടിക്ക് പുറമേ ശേഷിക്കുന്ന 62 ലക്ഷത്തിന് പിഡബ്ല്യുഡി ബ്രിഡ്ജ് വിഭാഗം സമര്‍പ്പിച്ച പദ്ധതിക്കാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. പടിയൂര്‍ പൂമംഗലം കോള്‍ പാടത്തിന് നടുവിലൂടെ കടന്നുപോകുന്ന തോടിന് കുറുകെയാണ് പാലം നില്‍ക്കുന്നത്. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തെയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളം പ്രദേശത്തെയും ബന്ധിപ്പിക്കുന്നതാണിത്. 2018ലും 19ലുമുണ്ടായ പ്രളയത്തില്‍ പാലത്തിന്റെ വീതിക്കുറവ് മൂലം വെള്ളം തടഞ്ഞ് നിന്നത് പ്രദേശത്തെ മുഴുവനും വെള്ളക്കെട്ടിലാഴ്ത്തിയിരുന്നു. നാലമ്പല തീര്‍ത്ഥാടന കാലത്ത് ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഭക്തജനങ്ങളുടെ വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നത് ഇതുവഴിയാണ്. മുന്‍ എംഎല്‍എയുടെ കാലത്താണ് പാലം പുതുക്കി നിര്‍മിക്കാന്‍ എംഎല്‍എ ഫണ്ടില്‍നിന്നും 35 ലക്ഷം ആദ്യം അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ ഉദ്ഘാടനം നടത്തിയെങ്കിലും പ്രദേശവാസികള്‍ വലിയ പാലം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇതോടെ 35 ലക്ഷത്തിന്റെ പദ്ധതി ഒഴിവാക്കി പുതുക്കിയ പദ്ധതിക്ക് ഒരുകോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു. പുതിയ പാലം നിര്‍മിക്കുന്നതിന് മുന്നോടിയായി പിഡബ്ല്യുഡി ബ്രിഡ്ജസ് വിഭാഗത്തിന്റെ നേതൃത്വപ്രകാരം സ്ഥലത്തെ മണ്ണ് പരിശോധന അടക്കമുള്ള ജിയോളജിക്കല്‍ സര്‍വേ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുതിയ രൂപരേഖക്ക് പടിയൂര്‍ പൂമംഗലം ഗ്രാമപഞ്ചായത്തുകള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.