ഫാ. ഗബ്രിയേല്‍ അനുസ്മരണവും പുസ്തക പ്രകാശനവും കെ. സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: വംശീയ വിദ്വേഷത്തിന് എതിരായ പാഠങ്ങള്‍ നിര്‍മിക്കാന്‍ നമ്മള് ചരിത്രത്തിലേക്ക് തിരിച്ചുപോകേണ്ടതുണ്ടെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്. പത്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ അനുസ്മരണവും പുസ്തക പ്രകാശനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പലകാലങ്ങളിലൂടെ നടന്ന കുടിയേറ്റങ്ങളുടെ ഉത്പന്നമാണ് ഇന്ത്യന്‍ ജനത എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ വ്യക്തിത്വത്തേക്കാള്‍ ഗബ്രിയേലച്ചന് ഉയര്‍ത്തിപ്പിടിച്ച പ്രകൃതിസ്നേഹവും മാനവികമൂല്യങ്ങളുമാണ് അദ്ദേഹത്തെ കാലാതീതനാക്കുന്നതെന്ന് ഫാ. വില്‍സണ്‍ തറയില്‍ എഴുതിയ ഗബ്രിയേലിസം എന്ന പുസ്തകം പ്രകാശനം ചെയ്ത് മുന്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ഫാ. ജോസ് തെക്കന്‍ സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. അമല മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആൻഡ്രൂസ്, ഡോ. സി.വി. സുധീര്‍, ആര്.കെ. രവി, പ്രഫ. ജോര്‍ജ്. എസ്. പോള്‍, ജെയ്സന് പാറേക്കാടന്‍, ഫാ. വില്‍സണ്‍ തറയില്‍, പ്രഫ. സി.വി. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.