കരുവന്നൂര്‍ ബാങ്ക് : കോടികള്‍ മറിഞ്ഞ വഴികള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
പണം കൈപ്പറ്റിയത് ആരൊക്കെ, പണം വിനിയോഗിച്ചത് എന്തിന്, തുക കൈമാറിയ രീതികള്‍, തട്ടിപ്പിന് ഒത്താശയും സംരക്ഷണവും നല്‍കിയതാര് എന്നിവയാണ് ഇഡി അന്വേഷിക്കുന്നത്
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതിനിടെ, തട്ടിയെടുത്ത കോടികള്‍ കൈമറിഞ്ഞ വഴികളും അതു കൈപ്പറ്റിയവരെയും കണ്ടെത്താന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നീക്കം ശക്തമാക്കി. ബിനാമികള്‍ വഴി പണം കൈപ്പറ്റിയത് ആരൊക്കെ, പണം വിനിയോഗിച്ചത് എന്തിന്, ഇടനിലക്കാര്‍ക്ക് ലഭിച്ച സാമ്പത്തികനേട്ടങ്ങള്‍, തുക കൈമാറിയ രീതികള്‍, ഏതെല്ലാം ബാങ്കുകളില്‍ നിക്ഷേപിച്ചു, തട്ടിപ്പിന് ഒത്താശയും സംരക്ഷണവും നല്‍കിയതാര് എന്നീ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.
ഇതിനായി വായ്പ ലഭിച്ചവര്‍, ഇടനിലക്കാര്‍, ബിനാമികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ മറ്റു ബാങ്കുകളിലെ ഇടപാടുകള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പത്തോളം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ ഇ.ഡിയുടെ അന്വേഷണ പരിധിയിലുണ്ട്.
തൃശൂര്‍ കോലഴിയിലെ സ്ഥിരതാമസക്കാരനും കണ്ണൂര്‍ സ്വദേശിയുമായ പി. സതീഷ്കുമാറാണ് മുഖ്യപ്രതി. 150 കോടി രൂപയോളം വ്യാജപ്പേരുകളില്‍ വായ്പയായി ഇയാള്‍ തട്ടിയെടുത്തു. ഈ തുക എവിടേക്ക് പോയെന്ന് കണ്ടെത്തും. രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണ് ഇയാളെന്നാണ് ഇ.ഡിക്ക് ലഭിച്ച മൊഴികള്‍. ഇയാളുടെ പണമിടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന കെ.എ. ജിജോര്‍ നല്കിയ മൊഴിയില്‍ തട്ടിപ്പുകാലത്തെ ഭരണസമിതിയുമായി ബന്ധമുള്ള ഉന്നതരെക്കുറിച്ചും പരാമര്‍ശങ്ങളുമുണ്ട്.
വായ്പയായി തട്ടിയെടുത്ത തുകയില്‍ ഭൂരിഭാഗവും രാഷ്ട്രീയക്കാര്‍ക്ക് നല്‍കിയെന്നാണ് സൂചന. നേതാക്കള്‍ക്ക് സ്വാധീനമുള്ള മറ്റു സഹകരണ ബാങ്കുകളെ ഇടപാടുകള്‍ക്ക് മറയാക്കിയതായി ഇ.ഡി സംശയിക്കുന്നു. തട്ടിപ്പുതുക വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റിയതായും, സഹകരണ, ഷെഡ്യൂള്‍ഡ്, സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചതായും കെട്ടിടങ്ങള്‍, സ്ഥലങ്ങള്‍ തുടങ്ങിയവ വാങ്ങി കൂട്ടിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
പണമിടപാടുകളുടെ രേഖകള്‍ പലതും നശിപ്പിച്ചതായും തട്ടിയെടുത്ത പണം കള്ളപ്പണ, ഹവാല ഇടപാടുകള്‍ക്ക് വിനിയോഗിച്ചതായും ഇഡി ക്ക് വ്യക്തമായി. പണമിടപാടുകള്‍ പ്രാദേശിക നേതാ്കളുടെ സാന്നിദ്ധ്യത്തിലാണെന്നും വായ്പ ലഭിച്ചവര്‍ രാഷ്ട്രീയ നേതാക്കളുടെ ബിനാമികളാണെന്നും ഇഡി ക്ക് ബോദ്യമായിട്ടുണ്ട്.
ഇ.ഡി കണ്ടെത്തി; കരുവന്നൂര്‍ ബാങ്കില്‍ മരിച്ചവരും കടക്കാര്, 14 സെന്റ് ഭൂമിയുടെ ആധാരം കാട്ടി മൂന്ന് കോടി രൂപ വായ്പയും
മരിച്ചവരുടെ പേരില്‍ വ്യാജ വായ്പ പാസാക്കി പണം തട്ടിയതായി കണ്ടെത്തി
മരിച്ച ഇടപാടുകാരുടെ വിവരങ്ങള്‍ ദുരുപയോഗിച്ചു കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വ്യാജ വായ്പകള്‍ പാസാക്കി പണം തട്ടിയതിന്റെ രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിഭാഗത്തിനു ലഭിച്ചു. ഇല്ലാത്തയാളുടെ പേരില്‍ വിലാസലും ഈടുരേഖകളും വ്യാജമായി ചമച്ചു വായ്പത്തട്ടിപ്പ് നടത്തിയെന്നും വ്യക്തമായി. എന്നാല്‍ തട്ടിച്ച പണത്തിന്റെ പങ്കോ വ്യജ ചെക്കുകളോ കണ്ടത്താനായിട്ടില്ല.
ബാങ്കില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പു നിയമാനുസൃതം വായ്പയെടുക്കുകയും തിരിച്ചടയ്ക്കുകയും ചെയ്ത ചില ഇടപാടുകാര്‍ പിന്നീട് മരിച്ചിരുന്നു. ഇവര്‍ മുന്‍പ് സമര്ച്ചിരുന്ന ഈടു രേഖകളുടെ പകര്‍പ്പു ഉപയോഗിച്ച് പുതിയ വായ്പകള്‍ പാസാക്കി പണം തട്ടി. നിസാര മതിപ്പുവില മാത്രമുള്ള 14 സെന്റ് ഭൂമിയുടെ ആധാരംകാട്ടി മൂന്ന് കോടി രൂപ വായ് പാസാക്കിയെന്നു തെളിയിക്കുന്ന രേഖ ഇഡി ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു.
രണ്ടാം പ്രതിയും ബാങ്കിന്റെ മുന്‍ മാനേജരുമായ ബിജു കരീം അടുത്ത ബന്ധുവിന്റെ പേരില്‍ രണ്ടരക്കോടി രൂപയുടെ വായ്പ പാസാക്കിയതിന്റെ രേഖയും പിടികൂടി. ഒട്ടേറെ വ്യാജ അക്കൗണ്ടുകള്‍, ഇവ തുടങ്ങാനുപയോഗിച്ച വ്യാജ രേഖകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. കള്ളപ്പേരും മേല്‍വിലാസവും ഈടുരേഖയും, തയാറാക്കി കള്ള ഒപ്പിട്ടു പാസാക്കിയ വായ്പകളുടെ വായ്പകള്‍ ഏറെയാണ്.