മെഗാ തൊഴില്‍മേള 27ന്; പതിനഞ്ചോളം റിക്രൂട്ടിംഗ് കമ്പനികള്‍ പങ്കെടുക്കും മന്ത്രി ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ 27ന് മെഗാ തൊഴില്‍മേള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍വച്ച് സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്. ബിന്ദു അറിയിച്ചു. പരിപാടിയില്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഉള്‍പ്പെടെ 15 ഓളം റിക്രൂട്ടിംഗ് കമ്പനികള്‍ പങ്കെടുക്കും. ആയിരത്തോളം ഉദ്യോഗാര്‍ഥികളെ മേളയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച സംഘാടകസമിതി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. തൊഴില്‍മേളയുടെ വിജയത്തിനായി മന്ത്രി ബിന്ദു ചെയര്‍പേഴ്സണായും അസാപ് കേരള പ്ലെയിസ്മെന്റ് വിഭാഗം മേധാവി ഐ.പി. ലൈജു കണ്‍വീനറായും സംഘാടകസമിതി രൂപീകരിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത, കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പള്ളി, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, വേളുക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.