കൊടുങ്ങല്ലൂര്‍ കൂര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡിന്റെ അഞ്ചാംഘട്ട പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഭരണസമിതി തടഞ്ഞു
കോണ്‍ക്രീറ്റിംഗ് പണികള്‍ നിര്‍ത്തിവച്ചു
കോണത്തുക്കുന്ന്: കൊടുങ്ങല്ലൂര്‍ കൂര്‍ക്കഞ്ചേരി കോണ്‍ക്രീറ്റ് റോഡിന്റെ അഞ്ചാംഘട്ട പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ തടഞ്ഞതുമൂലം നിര്‍ത്തിവച്ചു. ബ്ലോക്ക് ജംഗ്ഷന് മുതല്‍ കോണത്തുകുന്ന് വരെയുള്ള രണ്ടു കിലോമീറ്ററോളം ദൂരമുള്ള റോഡില്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പണികളാണ് നിര്‍ത്തിവച്ചത്. വെള്ളാങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷിന്റെ നേതൃത്വത്തിലാണ് ഇന്നലെ രാവിലെ ആരംഭിച്ച പണികള്‍ നിര്‍ത്തിവെപ്പിച്ചത്.
പണി നടത്തുന്ന റോഡിലെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാത്തതാണ് റോഡ് നിര്‍മാണം പഞ്ചായത്ത് ജനപ്രതിനിധികള്‍ തടഞ്ഞത്. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പ് ജലവിതരണ പൈപ്പുകള്‍ തുടങ്ങിയവ യൂട്ടിലിറ്റി ഷിഫ്റ്റിങ്ങ് പ്രവര്‍ത്തനങ്ങള്‍ ചെയ്ത് തീര്‍ക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി കെഎസ്ടിപി അധികൃതരെ അറിയിച്ചിട്ടുതാണ്. ഇക്കാര്യം ഇവര്‍ സമ്മതിച്ചിട്ടുള്ളതുമാണ്. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാതെ പെട്ടെന്നു തന്നെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതാണ് പ്രവര്‍ത്തികള്‍ തടയുന്നതിന് കാരണമായത്.
മുന്‍പുള്ള നിര്‍മാണഘട്ടങ്ങളില്‍ സംഭവിച്ച പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും, ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാതിരിക്കുന്നതിനും വേണ്ടിയാണ് നിര്‍മാണം തടഞ്ഞത്. കഴിഞ്ഞഘട്ടങ്ങളിലെ നിര്‍മാണ പാളിച്ചകളില്‍ നിരവധി ജലവിതരണ പൈപ്പുകള്‍, ഇന്റര്‍നെറ്റ് കണക്ഷന് കേബിളുകള്‍ എന്നിവയും പൊട്ടി ജനജീവതം ദുരിതത്തിലായതാണ്. കഴിഞ്ഞഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച കാലതാമസം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വ്യാപരികളും, പ്രദേശവാസികളും, യാത്രക്കാരും പഞ്ചായത്ത് ഭരണ സമിതി മുമ്പാകെ അറിയിച്ചതാണ്.
കഴിഞ്ഞഘട്ടങ്ങളിലെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പോയതിന്റെ ഭീമമായ തുക വാട്ടര്‍ അതോറിറ്റി പഞ്ചായത്തിനു മേല്‍ ചുമത്തിയിട്ടുണ്ട്. ആയതിനാല്‍ ഈ വിഷയങ്ങളില്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിനു ശേഷമേ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുകയുള്ളൂ എന്ന് പ്രസിഡന്റ് മുകേഷ് അറിയിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചയര്‍മാന്‍ ജിയോഡേവീസ്, പഞ്ചായത്തംഗങ്ങളായ ടി.കെ. ഷറഫുദീന്‍, ബിജു പോള്‍, കൃഷ്ണകുമാര്‍, മഞ്ജു ജോര്‍ജ്, വര്‍ഷ പ്രവീണ്‍, വിപി മോഹനന്, ജാസ്മി ജോയ്, ഷീല സജീവന് എന്നിവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് നേതൃത്വം നല്കി.